റിയോ ഡി ഷാനെറോ: കോപ്പ അമേരിക്ക ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ കീഴടക്കി ലയണൽ മെസിയും കൂട്ടരും കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി.
22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലായിരുന്നു അർജന്റീനൻ ജയം. റോഡ്രിഡോ ഡി പോൾ നീട്ടിനൽകിയ ഒരു പാസിൽ നിന്നായിരുന്നു ഏയ്ഞ്ചൽ ഡി മരിയയുടെ ഗോൾ പിറന്നത്. പന്ത് തടയുന്നതിൽ ബ്രസീൽ ഡിഫൻഡർ റെനൻ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീൽ ഗോൾകീപ്പർ എഡേഴ്സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
ഇതോടെ അർജന്റീന കുപ്പായത്തിൽ ഒരു കിരീടമെന്ന മെസിയുടെ ആഗ്രഹവും പൂവണിഞ്ഞു. ബ്രസീലിന്റെ സ്വന്തം മണ്ണിൽ മാറക്കാനയിൽ നെയ്മറെയും കൂട്ടരെയും വീഴ്ത്തിയതും അർജന്റീനയുടെ വിജയത്തിന് തിളക്കം കൂട്ടി. 84 വർഷങ്ങൾക്കു ശേഷമാണ് ഒരു ഫൈനലിൽ ബ്രസീലിനെ അർജന്റീന മലർത്തിടയിക്കുന്നത്.മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ മിനിറ്റു മുതൽ പരുക്കൻ സ്വഭാവത്തിലേക്ക് കളിമാറിയിരുന്നു. അർജന്റീനയുടെ ഗോൾ പിറന്നതോടെ ബ്രസീൽ മുർച്ചയേറിയ മുന്നേറ്റങ്ങൾ കാഴ്ചവച്ചു. 54-ാം മിനിറ്റിൽ റിച്ചാർഡ്ലിസണ് പന്ത് അർജന്റീനൻ വലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ് വിളിച്ചതോടെ ബ്രസീൽ താരങ്ങൾ നിരാശരായി മടങ്ങി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീലിന് നിരവധി അവസങ്ങൾ ലഭിച്ചെങ്കിലും ബ്രസീൽ ആക്രമണങ്ങളെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രതിരോധിച്ചാണ് അർജന്റീന കിരീടം തൊട്ടത്. 87-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം മെസിയും പാഴാക്കി.