കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 368 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 362 പേര്‍ വീടുകളിലും ആറു പേര്‍ ആശുപത്രികളും നിരീക്ഷണത്തിലാണ്. അഞ്ചുപേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് ( മാര്‍ച്ച് 17) ആകെ 24 പേരുടെ സാമ്പിള്‍ ആണ് പരിശോധനക്കയച്ചിട്ടുള്ളത്. രോഗി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. രോഗിയുമായി അടുത്തിടപഴകിയവരെ സിസിടിവി യുടെ സഹായത്തോടെ കണ്ടെത്തി യിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും ചെയ്തു. അവരുടെ ആരോഗ്യസ്ഥിതികള്‍ പരിശോധിച്ചുവരികയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ നില തൃപ്തികരമാണ്.
വിദേശത്തു നിന്നും വരുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രത സമിതികള്‍ കൂടുതല്‍ ഊര്‍ജിത പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ വി രാംദാസ് അറിയിച്ചു.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ വിവരമറിയിക്കണം. നമ്പര്‍ 9946000493. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിച്ചതിനു ശേഷം മാത്രം ആശുപത്രിയെ സമീപിക്കണം. യാതൊരു കാരണ വശാലും നീരീക്ഷണ കാലയളവില്‍ കുടുംബത്തില്‍ നടക്കുന്ന സ്വകാര്യ ചടങ്ങുകളിലും മറ്റു പൊതു പരിപാടി കളികളിലും ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലും പങ്കെടുക്കാന്‍ പാടില്ല.
സമ്പര്‍ക്കപ്പട്ടിക തയ്യാറായി, തിരിച്ചറിഞ്ഞവര്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ കഴിഞ്ഞ ദിവസം (മാര്‍ച്ച് 16) കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്ക ത്തിലേര്‍പ്പെട്ടവരെ തിരിച്ചറിയുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഇദ്ദേഹവുമായി ഇടപഴകിയ 34 പേരെയാണ് തിരിച്ചറിഞ്ഞത്. ദുബൈയില്‍ നിന്നും വിമാനത്തില്‍ ഏറ്റവും പിന്നിലായി ഇരുന്ന് യാത്ര ചെയ്ത ഈ വ്യക്തിയുടെ സീറ്റിനടുത്തും മറ്റുമായി 17 പേരാണുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ കര്‍ണാടക സ്വദേശികളാണ്. ഇവരുടെ വിവരങ്ങള്‍ കര്‍ണാടക അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഇദ്ദേഹത്തെ സ്വീകരിക്കാനെത്തിയ രണ്ടു പേരും പരിശോധനയ്‌ക്കെത്തിയ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറടക്കം 12 പേരും നിരീക്ഷണത്തിലാണ്. ഇതു കൂടാതെ ഇദ്ദേഹത്തിന്റെ പിതാവിനെയും മറ്റൊരു സ്വകാര്യ ആശുപത്രി കാന്റീനിലെ ജീവനക്കാരനെയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റൊരു വ്യക്തിയെയും ഐസൊലേഷന്‍ ചെയ്തിട്ടുണ്ട്. ഈ വ്യക്തി സന്ദര്‍ശിച്ച മരണവീട്ടില്‍ വീട്ടുകാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഇവര്‍ക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നമില്ലെങ്കിലും അവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.
കൊറോണ: രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തിറക്കി
ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റൂട്ട് മാപ്പ് പുറത്തിറക്കി. ഈ വ്യക്തി മാര്‍ച്ച് 13ന് രാത്രി ദുബായില്‍ നിന്നും പുറപ്പെട്ട് 14 ന് രാവിലെ 5.20ന് മംഗളൂരു വിമാനത്താവളത്തിലെത്തുകയായിരുന്നു. ഇവിടെ നിന്നും സ്വകാര്യ കാറില്‍ രണ്ട് പേരുമായി ഏഴ് മണിക്ക് സ്വകാര്യ ആശുപത്രിയിലെത്തി രക്തം പരിശോധനയ്ക്കായി നല്‍കി. തുടര്‍ന്ന് എട്ടിന് മറ്റൊരു സ്വകാര്യ ആശുപത്രിയുടെ കാന്റീനിലെത്തി ചായ കുടിക്കുകയും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ നല്‍കുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിക്ക് ബേവിഞ്ചയിലെ മരണവീട് സന്ദര്‍ശിച്ച് ഒന്നരയ്ക്ക് വീട്ടിലെത്തി. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍
ഇന്‍ഫര്‍മാറ്റിക്‌സിന്റെ സഹകരണത്തോടെയാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്.
കൊറോണ: പ്രതിരോധിക്കാം
കൊറോണ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ മുഴുവന്‍ പൊതുസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയവയില്‍ പരമാവധി 50 ആളുകള്‍ മാത്രമേ ഒന്നിച്ചു കൂടാവുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
നിയന്ത്രണം ലംഘിച്ച് കൂടുതല്‍ ആളുകള്‍ ഒന്നിച്ചു കൂടുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രദേശത്തെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് പൂട്ടി സീല്‍ വെയ്ക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എല്ലാ പൊതുസ്ഥലങ്ങളിലും ശുചിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ആരാധാനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റയില്‍വെ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വം ബന്ധപ്പെട്ട സ്ഥാപനമേധാവികളും ഉടമകളും ഉറപ്പു വരുത്തണം.
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിനിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓഫീസ് മേധാവികള്‍ ജീവനക്കാര്‍ക്കും ഓഫീസ് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്കും ശുദ്ധജലം ഉപയോഗിച്ച് കൈകഴുകുന്നതിന് ഹാന്റ് വാഷ് ലിക്വിഡും സാനിറ്ററൈസറും സജ്ജമാക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
കൊറോണ പ്രതിരോധത്തിന് ഇനി കുടുംബശ്രീ ഉത്പന്നങ്ങളും
ദിനംപ്രതി പതിനായിരം മാസ്‌കുകള്‍ നിര്‍മിക്കും
കൊറോണ വൈറസ് വ്യാപനം മൂലം ജില്ലയില്‍ നേരിടുന്ന മാസ്‌കുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ കുടുംബശ്രീയും മുന്നോട്ട് വരുന്നു. ഇതിനായി ജില്ലയിലുടനീളം കുടുംബശ്രിയുടെ ആഭിമുഖ്യത്തില്‍ കോട്ടണ്‍ മാസ്‌കുകള്‍, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവയുടെ നിര്‍മാണം ആരംഭിച്ചു. 22 യൂണിറ്റുകളാണ് നിലവില്‍ കോട്ടണ്‍ മാസ്‌ക് നിര്‍മാണത്തിലേര്‍പ്പെട്ടിട്ടുള്ളത്.
ഒരു യൂണിറ്റില്‍ നിന്ന് 450 മുതല്‍ 500 വരെ മാസ്‌കുകളാണ് ദിനേന ഉത്പാദിക്കുക. രണ്ട് ലെയര്‍, മൂന്ന് ലെയര്‍ എന്നിങ്ങനെ രണ്ട് തരം മാസ്‌കുകളാണ് നിര്‍മിക്കുന്നത്. 15 രൂപ, 20 രൂപ ഈടാക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഇത് ചൂട് വെള്ളമുപയോഗിച്ച് അണുവിമുക്ത മാക്കുകയാണെങ്കില്‍ വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇന്ന് (മാര്‍ച്ച് 18) മുതല്‍ ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള കുടുംബശ്രീ ഓഫീസുകളില്‍ ആരംഭിക്കുന്ന കൗണ്ടറില്‍ നിന്നും ജനങ്ങള്‍ക്ക് ഇത് വാങ്ങാം. കളക്ടറേറ്റിലും മാസ്‌കുകള്‍ ലഭ്യമാണ്.
40 രൂപയ്ക്ക് ഹാന്‍ഡ് വാഷ്
മാസ്‌കുകള്‍ക്ക് പുറമേ ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 200 മില്ലീ ലിറ്റര്‍ ഹാന്‍ഡ് വാഷിന് 40 രൂപയും 200 മില്ലീ ലിറ്റര്‍ സാനിറ്റൈസറിന് 135 രൂപയുമാണ് വിലയീടാക്കുക. നിലവില്‍ ചെങ്കള, ചെറുവത്തൂര്‍ എന്നിവടങ്ങളിലെ കുടുംബശ്രീ സംരഭകരാണ് ഉത്പാദനം നടത്തുന്നത്. ഇത് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ അധികൃതര്‍ സ്വീകരിച്ചു വരുന്നുണ്ട്.