വ്യാജരേഖ ചമച്ച്‌ പണം തട്ടിയ കേസില്‍ കെഎസ്‌ഇബി സീനിയര്‍ അസിസ്റ്റന്റിനു നാലു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

197

കോട്ടയം: അഴിമതിക്കാരായവര്‍ക്ക് സംരക്ഷണം ലഭിക്കുമെന്ന് പ്രതീതിയാണ് പൊതുസമൂഹത്തില്‍ നിലവിലുള്ളത്. എന്നാല്‍, ചില വിധികള്‍ വരുമ്ബോള്‍ ഈ ധാരണയ്ക്ക് നേരിയ മാറ്റമുണ്ടാകുമെന്ന് മാത്രം. അത്തരത്തില്‍ ഒരു കോടതി വിധിയാണ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. വ്യാജരേഖ ചമച്ച്‌ പണം തട്ടിയ കേസില്‍ കെഎസ്‌ഇബി സീനിയര്‍ അസിസ്റ്റന്റിനു നാലു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് പുനരന്വേഷണം നടത്തിയ ശേഷം ശിക്ഷിച്ചത്.
കെഎസ്‌ഇബി പൊന്‍കുന്നം ഇലക്‌ട്രിക്കല്‍ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ആന്‍ഡ് കാഷ്യര്‍ സി.എസ്.മധുസൂദനനെയാണ് വിജിലന്‍സ് എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജി വി.ദിലീപ് ശിക്ഷിച്ചത്.

ഇതേ കേസില്‍ വിജിലന്‍സ് കോടതി രണ്ടുവര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അഴിക്കുള്ളില്‍ കിടക്കാതെ രക്ഷപെടാനുള്ള മാര്‍ഗ്ഗം തേടിയ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ മധുസൂദനനെതിരെ വീണ്ടും വിജിലന്‍സ് കോടതിയില്‍ വിചാരണ നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ശിക്ഷ ഇരട്ടിയായത്. രണ്ടു വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഇത്തവണ മൂന്നു വര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതിയാകും. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവില്‍ കഴിയേണ്ടി വരും.
1999 മുതല്‍ 2001 വരെ പൊന്‍കുന്നം കെഎസ്‌ഇബി ഓഫിസില്‍ സീനിയര്‍ അസിസ്റ്റന്റായിരുന്ന മധുസൂദനന്‍ വൈദ്യുതി ബില്‍ തുകയായും, ജീവനക്കാരുടെ ലീവ് സറണ്ടര്‍, പെന്‍ഷന്‍ തുകയായും ബാങ്കില്‍ അടയ്ക്കേണ്ട പണം തട്ടിയെടുത്തെന്നായിരുന്നു കേസ്. ബാങ്കില്‍ പണം അടച്ചതായി വ്യാജ രസീത് നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നു കെഎസ്‌ഇബി ഓഡിറ്റ് വിഭാഗം കണ്ടെത്തി. പൊന്‍കുന്നം പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം കോട്ടയം വിജിലന്‍സിനു കേസ് കൈമാറി. ബാങ്കിന്റെ സീലും, മാനേജരുടെ ഒപ്പും ഇദ്ദേഹം വ്യാജമായി തയാറാക്കിയാണ് പണം അടച്ചതായി രേഖയുണ്ടാക്കിയതെന്ന് വിജിലന്‍സ് കണ്ടെത്തി. 2012 ല്‍ വിജിലന്‍സ് കോടതി മധുസൂദനന്‍ കുറ്റക്കാരനെന്നു കണ്ടെത്തി രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.
ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മധുസൂദനന്‍ വിജിലന്‍സ് കോടതി തെളിവായി സ്വീകരിച്ചത് ഫോട്ടോസ്റ്റാറ്റ് രസീതുകളാണെന്നും, സാക്ഷികളെ വിസ്തരിച്ചില്ലെന്നും വാദിച്ചു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് വീണ്ടും വിചാരണ നടത്തിയപ്പോള്‍ രസീതുകളുടെ യഥാര്‍ഥ പകര്‍പ്പ് വിജിലന്‍സ് ഹാജരാക്കി. പുതിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ വീണ്ടും വിചാരണ നടത്തി കോടതി മധുസൂദനനു നാലു വര്‍ഷം തടവ് വിധിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ പണം ദുരുപയോഗം ചെയ്തതിനു മൂന്നു വര്‍ഷവും, ഗൂഢാലോചന നടത്തി വ്യാജ രേഖ ചമച്ചതിന് ഒരു വര്‍ഷവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയാവും. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ലീഗല്‍ അഡ്വൈസര്‍ വിജിലന്‍സ് രാജ്മോഹന്‍ ആര്‍. പിള്ള കോടതിയില്‍ ഹാജരായി.

NO COMMENTS

LEAVE A REPLY