തിരുവനന്തപുരം : പുകയില നിയന്ത്രണ നിയമ (കോട്പ) ലംഘനങ്ങള്‍ക്കെതിരെ 2013 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ നടപടികള്‍ ശക്തമാക്കിയതായി കേരളാ പോലീസിന്റെ കണക്കുകള്‍. 2013ല്‍ 63,513, 2014ല്‍ 95,250, 2015ല്‍ 1,66,888 എന്നിങ്ങനെയാണ് നിയമലംഘനങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍. 2016ല്‍ ഇത് 2,05,157 ആയി. കോട്പയുടെ സെക്ഷന്‍ നാലായ പൊതുസ്ഥലത്തെ പുകവലി നിരോധന ലംഘനത്തിനാണ് ഏറ്റവും കൂടുതല്‍ കേസും പിഴയും നടപ്പിലാക്കിയിരിക്കുന്നത്. 2016ല്‍ പൊതുസ്ഥലത്ത് പുക വലിച്ചതിന് നാല് കോടി രൂപയോളം (4,17,00,800) പിഴയായി സര്‍ക്കാര്‍ ഖജനാവിലേക്ക് ഈടാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ പുകയില പരസ്യരഹിത സംസ്ഥാനമെന്ന പ്രഖ്യാപനത്തിനു മുന്നോടിയായും അതിനുശേഷവും കോട്പയുടെ സെക്ഷന്‍ അഞ്ച് പ്രകാരം പുകയില ഉത്പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരേയുള്ള കേസുകള്‍ ശക്തമാക്കുകയുണ്‍ണ്ടായി. 2013ല്‍ 3860 കേസുകള്‍ പുകയില പരസ്യം ചെയ്തതിനായി ചുമത്തിയെങ്കില്‍ 2016ല്‍ ഇത് വെറും 37 എണ്ണമായിരുന്നു. കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരേയുള്ള നടപടികളും പോലീസ് ശക്തമാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉത്പ്പന്നങ്ങള്‍ വിറ്റതിന് 2013ല്‍ 358 കേസുകള്‍ ചുമത്തിയപ്പോള്‍ 2016ല്‍ അത് 642 ആയി. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിയന്ത്രണദൂരപരിധിക്കുള്ളില്‍ പുകയില ഉത്പ്പന്നം വിറ്റതിന് 2013ല്‍ 1258 കേസുകളില്‍ നടപടിയെടുത്തപ്പോള്‍ 2016ല്‍ ഇത് 3065 ആയി. പുകയില ഉത്പ്പന്നങ്ങളുടെ പായ്ക്കറ്റുകളില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ ഇല്ലാത്തതിന് കോട്പയുടെ സെക്ഷന്‍ ഏഴിന്റെ ലംഘനത്തിനെതിരേയുള്ള കേസുകള്‍ ശക്തിപ്പെടുത്തിയതായി പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലംഘനം കണ്ടെത്തിയ കേസുകളുടെ എണ്ണം 2013ല്‍ 100-ല്‍ നിന്ന് 2016ല്‍ 328-ലേക്ക് ഉയര്‍ന്നിട്ടുണ്ട്്. ഈ നാല് വര്‍ഷങ്ങളില്‍ കോട്പയുടെ എല്ലാ സെക്ഷനുകളിലുമായി 10.6 കോടി രൂപയോളം സര്‍ക്കാര്‍ ഖജനാവിലേക്ക് പോലീസ് വകുപ്പ് മാത്രമായി പിഴയായി ഈടാക്കിയിട്ടുണ്ടെന്ന് കേരളാ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.