തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങും. ഉടന്‍ ഫലസൂചനകളും ലഭ്യമാകും. ഉച്ചയോടെ മുഴുവന്‍ ഫലങ്ങളും അറിയാം. വോട്ടെണ്ണന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു.
ജില്ലകളിലെ കൗണ്ടിങ് കേന്ദ്രങ്ങള്‍: തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- ഏഴ്, കണ്ണൂര്‍- 20, കാസര്‍കോട് – ഒമ്ബത്.
244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമായത് . തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്ത് ഫലം 11 മണിയോടെ പൂര്‍ത്തിയാകും. ഉച്ചയോടെ നഗരസഭകള്‍ അടക്കം മുഴുവന്‍ ഫലവും വരും. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 21,861 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ പോളിങ് 76.18 ശതമാനമാണ്. സ്ഥാനാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് ഏതാനും വാര്‍ഡുകളില്‍ വോെട്ടടുപ്പ് നടന്നിട്ടില്ല. 941 ഗ്രാമപഞ്ചായത്തുകളിലായി 15,967, 152 ബ്ലോക്കുകളിലായി 2076, 14 ജില്ല പഞ്ചായത്തുകളിലായി 331, 86 മുനിസിപ്പാലിറ്റികളിലായി 3078 ( ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂര്‍ നഗരസഭ ഇതില്‍ ഉള്‍പ്പെടുന്നില്ല) ആറ് കോര്‍പറേഷനുകളിലായി 414 എന്നിങ്ങനെയാണ് വാര്‍ഡുകളുടെ എണ്ണം. മത്സരിച്ചത് 74,899 സ്ഥാനാര്‍ഥികള്‍.
വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ചയോടെ അണുമുക്തമാക്കി. ജില്ല കലക്ടര്‍മാര്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തി. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും പ്രത്യേകമായാണ് നടക്കുക. ഗ്രാമ-ബ്ലോക്ക് -ജില്ല പഞ്ചായത്തുകളുടെ തപാല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാള്‍ ഉണ്ടാകും. എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും സജ്ജീകരിക്കുക. ഒരു വാര്‍ഡിലെ എല്ലാ ബൂത്തുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ നടക്കും. കൗണ്ടിങ് ഓഫിസര്‍മാര്‍ ൈകയുറയും മാസ്ക്കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിങ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും ഏജന്റുമാരും മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കണം. തദ്ദേശ സെക്രട്ടറിമാര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.