കൊച്ചി: നോര്‍ത്ത് പറവൂരില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വൈദികന് ഇരട്ട ജീവപര്യന്തം. കോട്ടപ്പുറം രൂപതയിലെ വൈദികന്‍ എഡ്വിന്‍ ഫിഗാരസിനാണ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2,15000 രൂപ പിഴയടക്കാനും കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് എഡ്വിന്‍ ഫിഗാരിസിന്‍റെ സഹോദരന്‍ പതിശേരിയില്‍ സില്‍വസ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും കോടതി വിധിച്ചു. പീഡനവിവരം പോലീസിനെ അറിയിക്കാതിരുന്ന ഡോക്ടര്‍ അജിതയെ കുറ്റക്കാരിയായി കണ്ടെത്തിയെങ്കിലും പ്രൊബേഷന്‍ കാലയളവായതിനാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29ന് 14കാരിയായ പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു.
പരിശോധനയില്‍ പീഡനം നടന്നതായി മനസിലായെങ്കിലും, ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചില്ല. ജനവരി മുതല്‍ പലതവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. വികാരി ഇത്തരത്തില്‍ ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയും മൊഴിയെടുക്കുകയും ചെയ്തു. ധ്യാനഗുരു കൂടിയായ വികാരി കുട്ടിയെ പള്ളിമേടയില്‍ ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഉപദേശങ്ങള്‍ നല്‍കുമായിരുന്നു. പിന്നീട് പീഡനം തുടങ്ങി. ഇത് പലതവണ ആയപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ അമ്മയോട് പറഞ്ഞത്.