മദ്യപിച്ചു ഭാര്യയെ ഉപദ്രവിക്കുന്നതും ജോലിസ്ഥലത്തു ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാമെന്നു കോടതി

197

ന്യൂഡല്‍ഹി • ഭര്‍ത്താവ് മദ്യപിച്ചു ഭാര്യയെ ഉപദ്രവിക്കുന്നതും ജോലിസ്ഥലത്തു ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാമെന്നു ഛത്തീസ്ഗഡ് ഹൈക്കോടതി വിധിച്ചു. വിവാഹമോചനം അനുവദിക്കാനുള്ള കുടുംബക്കോടതി ഉത്തരവു ചോദ്യംചെയ്തു ബിലാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള അനിന്ദി മുഖര്‍ജി നല്‍കിയ ഹര്‍ജി ജഡ്ജിമാരായ പ്രശാന്ത് കുമാര്‍ മിശ്ര, ചന്ദ്ര ഭൂഷണ്‍ ബാജ്പേയി എന്നിവരുടെ ബെഞ്ച് തള്ളിക്കളഞ്ഞു.
വിവാഹമോചന അപേക്ഷയുമായി കുടുംബക്കോടതിയെ സമീപിച്ച ഭാര്യ സ്രബൊനി ഉന്നയിച്ച പ്രധാന കാര്യങ്ങള്‍ ഇവയാണ്:
• ഭര്‍ത്താവ് സ്ഥിരം മദ്യപനാണ്. മദ്യപിച്ചശേഷം തന്നെ ഉപദ്രവിക്കാറുണ്ട്.
• അദ്ദേഹം ഒരു തൊഴിലിലും സ്ഥിരമായി തുടരുന്നില്ല.
• ഭര്‍ത്താവിന്റെ രീതികള്‍ തങ്ങളുടെ മകനെ ദോഷകരമായി ബാധിക്കുന്നു.
• അധ്യാപികയായ തന്നെ ജോലിസ്ഥലത്തെത്തി ഭര്‍ത്താവ് ശല്യപ്പെടുത്തുന്നു; തന്റെ മാതാപിതാക്കളെ പരസ്യമായി ഉപദ്രവിക്കുന്നു.
• മാനസിക പ്രശ്നത്തിനു ഭര്‍ത്താവ് ചികില്‍സ തേടിയിട്ടുണ്ട്. എന്നാല്‍, താന്‍ പതിവായി മദ്യപിക്കുന്നയാളല്ലെന്നും വിപണി സാഹചര്യങ്ങള്‍ മോശമായതിനാലാണു സ്ഥിരജോലിയില്ലാത്തതെന്നും അതിനാലുള്ള മാനസിക സമ്മര്‍ദമാണു ദാമ്ബത്യ കലഹത്തിനു കാരണമെന്നും ഭര്‍ത്താവ് വാദിച്ചു.
എന്നാല്‍, ഈ നടപടികള്‍ ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാന്‍ കുടുംബക്കോടതി തീരുമാനിച്ചു. അതിനെതിരെയുള്ള അപ്പീലാണു ഹൈക്കോടതി പരിഗണിച്ചത്. ക്രൂരത എന്നതിനെ ഹിന്ദു വിവാഹ നിയമത്തില്‍ (1955) കൃത്യമായി നിര്‍വചിച്ചിട്ടില്ലെങ്കിലും ഏതൊക്കെ നടപടികള്‍ ക്രൂരതയായി കണക്കാക്കാമെന്നതും അതിനുള്ള സാഹചര്യങ്ങളും ഒട്ടേറെ വിധിന്യായങ്ങളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒരു കക്ഷിയുടെ നടപടി ക്രൂരതയാണോ അല്ലയോ എന്നതു തീരുമാനിക്കാന്‍ കൃത്യമായ സൂത്രവാക്യമില്ല. സാഹചര്യങ്ങളും വസ്തുതകളും കക്ഷികളുടെ സാമൂഹികവും സാമ്ബത്തികവുമായ സ്ഥിതി, തൊഴില്‍ തുടങ്ങിയവയും കണക്കിലെടുക്കണം. ഭര്‍ത്താവ് മദ്യപിച്ചശേഷം ഉപദ്രവിക്കുന്നതും ജോലിസ്ഥലത്തു ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കണം. വീട്ടിനുള്ളില്‍ ഉപദ്രവിക്കുന്നതിനു പുറമേ, ജോലിസ്ഥലത്തു ചെന്നു ശല്യപ്പെടുത്തുന്നത് ഭാര്യയ്ക്കു കടുത്ത അപമാനത്തിനും കാരണമായിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY