അഹമ്മദാബാദ്: കോടതിക്കു മുന്നില്‍ വേറിട്ട പ്രതിഷേധവുമായി യുവതി. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോടതിക്കു മുന്നില്‍ തുണിയുരിഞ്ഞാണ് യുവതി പ്രതിഷേധിച്ചത്. ഗുജറാത്തിലാണ് സംഭവം. അഹമ്മദാബാദ് സെഷന്‍സ് കോടതി പരിസരത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് യുവതി പ്രതിഷേധിച്ചത്. ഭര്‍ത്താവിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ക്രിമിനല്‍ നടപടിക്രമം തുടങ്ങാന്‍ കഴിഞ്ഞില്ലെന്നും ഭര്‍ത്താവിനെ കോടതിയില്‍ വിളിച്ചുവരുത്താന്‍ പോലും സാധിച്ചിട്ടില്ലെന്നും യുവതി ആരോപിച്ചു. പോലീസ് പോസ്കോ കുറ്റം ചുമത്തി കേസെടുത്തതോടെ ഇവരുടെ ഭര്‍ത്താവ് ഡല്‍ഹിയിലേക്ക് കടന്നിരുന്നു. കോടതി പരിസരത്ത് ബഹളം വച്ച് തുണിയുരിഞ്ഞ് എറിയാന്‍ തുടങ്ങിയതോടെ വനിതാ ഹോം ഗാര്‍ഡും അഭിഭാഷകരും ചേര്‍ന്ന് യുവതിയെ തടയുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന ആള്‍ സംഭവം വീഡിയോവില്‍ പകര്‍ത്താന്‍ ശ്രമിച്ചതും തടഞ്ഞു. കോടതി രജിസ്ട്രാര്‍ക്ക് മുമ്പാകെ ഹാജരാക്കിയ ഇവര്‍ നടപടിയില്‍ ഖേദപ്രകടനം നടത്തി. കോടതിയിലെ അന്തരീക്ഷം തകര്‍ക്കുന്ന വിധത്തില്‍ ഇനി ഇത്തരം പ്രതിഷേധം നടത്തില്ലെന്നും ഉറപ്പ് നല്‍കിയതിനാല്‍ വിട്ടയച്ചു.