സംസ്ഥാനത്ത് 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു – എട്ടു പേർ രോഗമുക്തി നേടി – 1,71,355 പേർ നിരീക്ഷണത്തിൽ

76

തിരുവനന്തപുരം : കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കാസർഗോഡ് ജില്ലയിൽ നിന്നുള്ള ആറു പേർക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരിൽ അഞ്ചു പേർ ദുബായിൽ നിന്നും (കാസർഗോഡ്-3, കണ്ണൂർ, എറണാകുളം) മൂന്ന് പേർ നിസാമുദ്ദീനിൽ നിന്നും (ആലപ്പുഴ, കൊല്ലം, കാസർഗോഡ്) ഒരാൾ നാഗ്പൂരിൽ നിന്നും (പാലക്കാട്) വന്നവരാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് (കാസർഗോഡ്-2) രോഗം വന്നത്.

കേരളത്തിൽ 306 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തിൽ എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നും ഏഴ് പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ 254 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. രണ്ട് പേർ മുമ്പ് മരണമടഞ്ഞിരുന്നു.

206 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,70,621 പേർ വീടുകളിലും 734 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 9744 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

NO COMMENTS