കോവിഡ് 19 അതിജീവനം കൂട്ടായ്മയിലൂടെ – മാതൃകാ പ്രവര്‍ത്തനങ്ങളുമായി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി

73

കാസറകോട് : ലോക് ഡൗണ്‍ കാലത്ത് കൂട്ടായ്മയുടെ പുതിയ പാഠങ്ങള്‍ കാണിച്ചു തരികയാണ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി. 1300 മുതല്‍ 1400 ആളുകള്‍ വരെ ദിനം പ്രതി മുനിസിപ്പാലിറ്റിയുടെ സാമൂഹ്യ അടുക്കളയില്‍ നിന്നും വിശപ്പടക്കുന്നുണ്ട്. പച്ചക്കറികള്‍ കടകളില്‍ നിന്ന് വാങ്ങാതെ നാട്ടിലെ ക്ലബ്ബുകളും സുമനസ്സുകളും വിളയിച്ച ജൈവ പച്ചക്കറികളാണ് ഇവിടെ പാകം ചെയ്ത് വിളമ്പുന്നത്.

വെള്ളരിയും പാവക്കയും പച്ചക്കായും തുടങ്ങി നിരവധി ജൈവ പച്ചക്കറികള്‍ ഈ അടുക്കളയില്‍ പാകം ചെയ്യുന്നു. വിളമ്പുന്നത് ആരോഗ്യ സമ്പൂര്‍ണ്ണമായ ഭക്ഷണമായിരിക്കണമെന്ന നിര്‍ബന്ധവും ഇവിടുത്തെ സംഘാടകര്‍ക്കുണ്ട്. തെരുവില്‍ അലഞ്ഞു നടക്കുന്നവര്‍ക്ക് മൂന്നു നേരവും നല്‍കുന്ന ഭക്ഷണവും ഇതുപോലെ നല്ല ആരോഗ്യം ഉറപ്പു നല്‍കുന്നവയാണ്.

കടുത്ത വേനലില്‍ ജലക്ഷാമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയെങ്കിലും കാര്‍ഷിക കര്‍മ്മയുടെ പ്രവര്‍ത്തന ഫലമായി വീടുകളിലിരിക്കുന്നവര്‍ക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. കൃഷിഭവനില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി തൈകള്‍ വീടുകളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാന്‍ ആറ് സ്ത്രീകളും പതിനേഴ് പുരുഷന്‍മാരുമടങ്ങുന്ന കാര്‍ഷീക കര്‍മ്മ സേന കര്‍മ്മ നിരതരായി പ്രവര്‍ത്തിച്ചു വരുന്നു. വീടുകളുടെ മട്ടുപ്പാവുകളിലും തൊടികളിലും വയലിലുമായി നഗരസഭാ പരിധിയില്‍ വലിയ രീതിയില്‍ പച്ചക്കറി കൃഷി നടക്കുകയാണ്.

മരുന്നുകള്‍ മുടങ്ങാന്‍ പാടില്ലാത്തവര്‍ക്ക് വയോജന കേന്ദ്രത്തിലൂടെയും സന്നദ്ധം വളണ്ടിയര്‍ മാര്‍ മുഖേനെയും മരുന്നുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഡോക്ടറുടെ കുറിപ്പടി വീടുകളിലെത്തുന്ന വളണ്ടിയര്‍മാരെ ഏല്‍പ്പിച്ചാല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ആരോഗ്യ കേന്ദ്രങ്ങളിലൂടെയും മരുന്നുകള്‍ സംഘടിപ്പിച്ച് അവര്‍ തിരികെ വീടുകളിലെത്തിക്കും. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആവശ്യമായ അവശ്യ സാധനങ്ങളും ഈ രീതിയില്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നുണ്ട്.

വീടുകളില്‍ നിന്ന് കടയിലെത്തി ധാന്യങ്ങള്‍ വാങ്ങിക്കാന്‍ കഴിയാത്തവരെ സഹായിക്കാനും അവര്‍ക്ക് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനും വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റേഷന്‍കടകള്‍ കേന്ദ്രീകരിച്ച് 86 വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നു. റേഷന്‍ വിതരണം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും പകുതിയോളം കാര്‍ഡ് ഉടമകളും റേഷന്‍ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും കാര്യ ക്ഷമമായ പ്രവര്‍ത്തനമാണ് നഗരസഭയില്‍ റേഷന്‍ കടകളില്‍ നടന്നുവരുന്നതെന്നും വരും ദിവസങ്ങളില്‍ നഗരസഭാ പ്രദേശത്തെ നൂറ് ശതമാനം കാര്‍ഡ് ഉടമകളും റേഷന്‍ വാങ്ങിയതായി ഉറപ്പാക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ പറഞ്ഞു.

NO COMMENTS