സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. എന്നാൽ നാലാം ആഴ്ചയിൽ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞു. ഐസിയു വെന്റിലേറ്റർ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. നിലവിൽ 3,66,120 കോവിഡ് കേസുകളിൽ, 2.9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതിൽ 0.9 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
വാക്സിനേഷൻ
സംസ്ഥാനത്തെ വാക്സിനേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നു. 15 മുതൽ 17 വയസു വരെ 73 ശതമാനം പേർ (11,36,374) വാക്സിനെടുത്തിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിച്ചു. 2.3 ശതമാനമാണ് രണ്ടാം ഡോസ് വാക്സിനേഷൻ (35,410). 18 വയസിന് മുകളിൽ ആദ്യ ഡോസ് 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 85 ശതമാനവുമാണ്. കരുതൽ ഡോസ് 40 ശതമാനമാണ് (6,59,565).
ക്യാൻസർ സ്ട്രാറ്റജി
ആരോഗ്യ വകുപ്പ് കേരള ക്യാൻസർ രജിസ്ട്രിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതുസംബന്ധിച്ച സോഫ്റ്റുവെയർ ഇ-ഹെൽത്ത് വികസിപ്പിച്ചുവരുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ മൂന്ന് മേഖലകളായി തിരിച്ചാണ് ക്യാൻസർ രജിസ്ട്രി തയ്യാറാക്കുന്നത്. ആർസിസി, സിസിസി, എംസിസി എന്നിവ കേന്ദ്രീകരിച്ചായിരിക്കും രജിസ്ട്രിയുടെ ഏകോപനം. 2030 ഓടെ ക്യാൻസർ രോഗമുക്തി നിരക്ക് വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ക്യാൻസർ ചികിത്സാ ചെലവും ഗണ്യമായി കുറയ്ക്കാനാകും. ആരോഗ്യ പ്രവർത്തകർക്ക് ക്യാൻസർ രജിസ്ട്രി സംബന്ധിച്ച് പരിശീലനം നൽകും.
കോവിഡ് മരണം പരാമർശം നിർഭാഗ്യകരം
കോവിഡ് മരണം സംബന്ധിച്ചുള്ള പരാമർശം ദൗർഭാഗ്യകരമാണ്. ഈ മഹാമാരിക്കാലത്ത് ഇത്തരത്തിലുള്ള പരാമർശങ്ങൾ പാടില്ല. കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് കൃത്യമായ പദ്ധതി ആവിഷ്‌ക്കരിച്ചു. ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ എന്നിവ വലിയ തോതിൽ വർധിപ്പിച്ചു. വാക്സിനേഷനിൽ വലിയ പുരോഗതി കൈവരിച്ചു. രോഗ ലക്ഷണമുള്ളവർക്ക് പരിശോധന നടത്തുന്നതിനാലാണ് ടിപിആർ ഉയർന്ന് നിൽക്കുന്നത്. ടെസ്റ്റ് പെർ മില്യണിൽ കേരളമാണ് മുന്നിൽ.
സുപ്രീം കോടതി നിർദേശ പ്രകാരം കോവിഡ് വന്ന് മരണമടഞ്ഞവർക്ക് ധനസഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പരമാവധി ആളുകൾക്ക് സഹായകരമായ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. ദേശീയ തലത്തിലും മറ്റ് സംസ്ഥാനങ്ങളിലും മരണ നിരക്ക് ഇപ്പോഴും കേരളത്തേക്കാൾ വളരെ ഉയരെയാണ്. ഇന്ത്യയിലെ മരണ നിരക്ക് 1.4 ശതമാനമാണ്. മഹാരാഷ്ട്രയിൽ 1.83 ശതമാനവും ഡൽഹിയിൽ 1.41 ശതമാനവും കർണാടകയിൽ 1.01 ശതമാനവുമാണ് മരണ നിരക്ക്. അതേസമയം കേന്ദ്ര മാർഗനിർദേശങ്ങള നുസരിച്ച് മരണങ്ങൾ കൂട്ടിച്ചേർത്തിട്ട് പോലും സംസ്ഥാനത്തെ നിലവിലെ മരണ നിരക്ക് 9 ശതമാനം മാത്രമാണ്. പഴയ മരണങ്ങൾ കൂട്ടിച്ചേർക്കാതിരുന്നാൽ 5 ശതമാനം മാത്രമാണ്. അതിനാൽ സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് ഒരു സമയത്തും ക്രമാതീതമായി ഉയർന്നിട്ടില്ല.
കേരളം വളരെ സുതാര്യമായാണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഓൺലൈനായി മരണം റിപ്പോർട്ട് ചെയ്യുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇക്കാര്യത്തിൽ കേരളത്തെ സുപ്രീം കോടതി കോടതി പ്രശംസിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.