കാസറഗോഡ് : കോവിഡ്-19 നിര്‍വ്യാപനത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സമൂഹം ഒന്നടങ്കം പ്രതിരോധ പ്രവര്‍ത്തന ത്തിലാണ്. വൈറസ്ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത യോടെയാണ് ആരോഗ്യ വകുപ്പിന്റെ ഓരോ ചുവടും. കോവിഡ് കാലത്ത് അതീവ ജാഗ്രതയോടെ യാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മൃതദേഹ പരിപാലനം നടത്തുന്നത്.
ചെറിയൊരു കൈപ്പിഴ പോലും ഗുരുതരമായ സാഹചര്യത്തിലേക്കായിരിക്കും നയിക്കുക. ഇത് ഒഴിവാക്കുന്നതിനായി പൂര്‍ണമായും ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ പരിപാലിക്കുന്നതും സംസ്‌കരിക്കുന്നതുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്റഫ് പറഞ്ഞു. സര്‍വ സംവിധാനങ്ങളുമുപയോഗിച്ച് കോവിഡ് മരണങ്ങളെ പരമാവധി ഒഴിവാക്കുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അതേ സമയം മരണത്തിന് ശേഷവും കോവിഡ് പകരാതിരിക്കാന്‍ നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃതദേഹ സംസ്‌കരണ പ്രോട്ടോകോള്‍
സംശയിക്കപ്പെടുന്ന എല്ലാ മരണങ്ങളിലും കോവിഡ് പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് മൃതദേഹങ്ങള്‍ ലഭ്യമാക്കുന്നത്. കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍മാരുടെയും ബന്ധപ്പെട്ട അധികൃതരുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പൂര്‍ത്തീകരി ക്കുന്നത്. ഇതിന് ശേഷം മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറുന്നതോടെ പുറത്ത് നിന്നുള്ള ഇടപെടലുകള്‍ക്കും സമ്പര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് വളരെയധികം സൂക്ഷമതയോടെയാണ് നിര്‍വഹിക്കേണ്ടത്.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മൃതദേഹം സംസ്‌കരണ സ്ഥലത്തേക്ക് ആംബുലന്‍സില്‍ എത്തിക്കും. വീട്ടിലേക്കെത്തിക്കാന്‍ പാടില്ല.ഡ്രൈവര്‍ മാത്രമായിരിക്കും ആംബുലന്‍സിലുണ്ടാവുക. മറ്റാരും ഇതില്‍ അനുഗമിക്കാന്‍ പാടില്ല. ഡ്രൈവര്‍ (പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ്) പിപിഇ കിറ്റ് ധരിക്കണം.
പിപിഇ കിറ്റ് എങ്ങനെ ഉപയോഗിക്കണം
കൈയില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ആദ്യം കൈയുറയും എന്നിട്ട് മൂന്ന് ലെയര്‍ മാസ്‌കും ധരിക്കണം. വീണ്ടും കൈയുറ ധരിക്കണം. എന്നിട്ട് ശരീരം മുഴുവനും മറക്കുന്ന ഗൗണ്‍ ധരിക്കണം. എന്നിട്ട് എന്‍-95 മാസ്‌കും, കണ്ണടയും ഫേസ്ഷീല്‍ഡും ധരിക്കണം. കഴുത്തിനടുത്തും മറ്റു ഭാഗങ്ങളിലുമായി ഉണ്ടാവുന്ന വിടവുകള്‍ പ്ലാസ്റ്റര്‍ ഉപയോഗിച്ച് വായുസഞ്ചാരം തീരെയില്ലാത്ത വിധം ഭദ്രമാക്കും. എന്നിട്ട് കാല് മുഴുവനും മറക്കുന്ന പ്ലാസ്റ്റിക് കാലുറ ധരിക്കും. വീണ്ടും മൂന്നാമത്തെ കൈയുറ ധരിക്കണം. മൃതദേഹം ദഹിപ്പിക്കുകയാണെങ്കില്‍ ആംബുലന്‍സില്‍ നിന്നും മൃതദേഹം പിപിഇ കിറ്റ് ധരിച്ചവര്‍ എടുത്ത് കൊണ്ട് പോവണം.
മറവ് ചെയ്യുകയാണെങ്കില്‍ പത്തടി താഴ്ചയിലാണ് കുഴി ഒരുക്കേണ്ടത്. ഇതില്‍ കുറഞ്ഞത് ആറുകിലോയെങ്കിലും ബ്ലീച്ചിങ് പൗഡര്‍ വിതറണം. മണ്ണ് മൂടിക്കഴിഞ്ഞാല്‍ മുകളിലും ബ്ലീച്ചിങ് പൗഡര്‍ വിതറണം. സംസ്‌കരിച്ച് കഴിഞ്ഞാ ല്‍ ധരിച്ചിട്ടുള്ള വസ്തുക്കള്‍ ഉള്ളിലേക്ക് മടക്കിയാണ് മാറ്റേണ്ടത്. പുറമേ സമ്പര്‍ക്കത്തിലായ ഭാഗങ്ങള്‍ യാതൊരു കാരണവശാലും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ല. പിപിഇ കിറ്റിലുള്ളവയും അടിവസ്ത്രമടക്കം ധരിച്ചിരിക്കുന്ന എല്ലാ വസ്ത്രങ്ങളും കൂട്ടി വെച്ച് വേറൊരു കുഴിയില്‍ കത്തിച്ച് മണ്ണിട്ട് മൂടണം.
സംസ്‌കരിക്കുന്ന സ്ഥലത്തിന് സമീപത്ത് ഇവര്‍ക്ക് കുളിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണം. മൃതദേഹം സംസ്‌കരിക്കുന്നതിനിടയില്‍ തലകറക്കമോ ശ്വാസതടസമോ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് തിരിച്ച് പോകണം. മൃതദേഹം മറവ് ചെയ്ത സ്ഥലത്തേക്ക് ഏഴ് ദിവസത്തേക്ക് ആരും പോവാന്‍ പാടില്ല.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കണം
കോവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ പിന്തുണയോടു കൂടിമാത്രമാണ് കോവിഡിനെതിരായ പ്രതിരോധം സാധ്യമാവുന്നത്. മരണത്തോടെ ഉളവാകുന്ന നികത്താനാവാത്ത വിടവും വൈകാരിക പ്രയാസങ്ങളുമുണ്ടാവും. കൂടാതെ മതപരമായ ആചാരങ്ങളിലെ വിട്ടുവീഴ്ചയും പ്രതിസന്ധി സൃഷ്ടിക്കാം. ഇതിനെല്ലാക്കാളുമുയര്‍ന്ന്് ഉയര്‍ന്ന പൗരബോധത്തോടെ സാമൂഹിക നന്മയ്ക്കായി മൃതദേഹം പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കാന്‍ ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ്ബാധിതന്റെ ഖബറടക്കം, മാതൃകയായി ആരോഗ്യപ്രവര്‍ത്തകര്‍
കോവിഡ് പ്രതിസന്ധിയില്‍ എല്ലാഘട്ടത്തിലും ജനങ്ങള്‍ക്കായി സുരക്ഷാകവചം തീര്‍ക്കുന്ന തിരക്കിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. മരണാനന്തരം മൃതദേഹം പരിപാലിക്കുന്ന കാര്യത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ജനങ്ങളുടെ പൂര്‍ണ സഹായം കൂടി ലഭിക്കുന്നതോടെ പുതിയൊരു മാതൃകയാണ് സൃഷ്ടിക്കപ്പെടുന്നത്. കര്‍ണാടകയില്‍ ജോലി ചെയ്തിരുന്ന മൊഗ്രാല്‍പുത്തൂരിലെ മധ്യവയസ്‌കന്റെ ഖബറടക്കമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.
വൈകാരിക വൈഷമ്യങ്ങളെല്ലാം മറച്ചുവെച്ച് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം മൃതദേഹം ഖബറട ക്കാന്‍ പൂര്‍ണപിന്തുണ നല്‍കിയ കുടുംബവും നാട്ടുകാരുടെ പ്രശംസ നേടുകയാണ്. കുടുംബത്തിന്റെ സഹകരണ ത്തോടെ യാതൊരു പാളിച്ചകളുമില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഖബറടക്കം നടത്തിയത്. കര്‍ണാടക ഹുബ്ലിയില്‍ 25 വര്‍ഷത്തോളമായി ജോലി ചെയ്തിരുന്നയാളാണ് കോട്ടക്കുന്നിലെ അബ്ദുല്‍ റഹ്മാന്‍. ഹൃദയസംബന്ധ മായ രോഗങ്ങള്‍ കാരണം നേരത്തേ ശസ്ത്രക്രിയ നടത്തിയിരുന്നു.
കോട്ടക്കുന്ന്, മൊഗ്രാല്‍ സ്വദേശികളായ രണ്ട് പേര്‍ക്കൊപ്പമാണ് ഈ മാസം ഏഴിന് പുലര്‍ച്ചെ തലപ്പാടി ചെക്പോസ്റ്റിലെത്തിയത്. ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന് പനിയുണ്ടായിരു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു. പിന്നീട് പരിശോധനയില്‍ കോവിഡ്-19 സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
ആശുപത്രിയില്‍ നിന്നും നേരിട്ട് കോട്ടക്കുന്ന് മസ്ജിദ് പരിസരത്ത് ഖബറടക്കാനാണ് കൊണ്ട് പോയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്ന അവസാനമായി വീട്ടിലെത്തിയത്. സംസ്‌കരണ വേളയിലും കുടുംബത്തിന് ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കുടുംബം ഒന്നൊഴിയാതെ പാലിക്കുകയായിരുന്നു. വളരെ ശ്രമകരമായ സംസ്‌കാര നടപടികള്‍ക്ക് മൊഗ്രാല്‍പുത്തൂരിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുന്ദരനും ചെങ്കളയിലെ ജൂനിയര്‍ ഇന്‍സ്പെക്ടര്‍മാരായ കൃഷ്ണപ്രസാദുമാണ് നേതൃത്വം നല്‍കിയത്.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്റഫ് പ്രോട്ടോകോള്‍ പാലനം നിരീക്ഷിച്ചു. സന്നദ്ധപ്രവര്‍ത്തകരായ അഷ്റഫ് എടനീര്‍, മുജീബ് കമ്പാര്‍, ബഷീര്‍ കടവത്ത്, കബീര്‍ പേരൂര്‍, ഹമീദ് ബെള്ളൂര്‍, സിദ്ദീഖ് ബദര്‍ നഗര്‍ എന്നിവര്‍ ഖബറടക്കം നടത്തി.