തിരുവനന്തപുരം: കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം. കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന പേരിലുള്ള മുഖപ്രസംഗത്തില്‍ ഭരണ നേതൃത്വത്തിനെതിരെയും വിമര്‍ശമുണ്ട്.ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നത് ചരിത്രദൗത്യമല്ല. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ ഊന്നേണ്ട സമയവും ഊര്‍ജവും വിവാദങ്ങള്‍ സൃഷ്ടിച്ച് പാഴാക്കാതിരിക്കാന്‍ ഭരണ നേതൃത്വം ശ്രദ്ധിക്കേണ്ടതാണ്.വിവിധ രാഷ്ട്രീയ വിശ്വാസങ്ങളും മതവിശ്വാസങ്ങളും സ്വഛന്തം പ്രവര്‍ത്തനം നടത്തുന്ന മതേതര ജനാധിപത്യ രാജ്യത്ത് ധാര്‍ഷ്ട്യംകൊണ്ടും ക്രൂരത വിതറി ഭയപ്പെടുത്തിക്കൊണ്ടും ആര്‍ക്കെങ്കിലും വിജയിക്കാമെന്ന് കരുതുന്നത് മൂഢതയാണ്.
ഇടതും വലതും ഒന്നെന്ന് വരുത്തിതീര്‍ക്കാനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ സംഘടിത നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിയണം. കൊലപാതക രാഷ്ട്രീയവും, രാഷ്ട്രീയ അഴിമതിയും ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ ഒരവസരവും സൃഷ്ടിക്കാതിരിക്കാനുള്ള രാഷ്ട്രീയ പക്വത ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടാകണം.ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. ശരിയായ രാഷ്ട്രീയ ദിശയില്‍ നിന്നുമുള്ള വ്യതിചലനം കൂടിയാണ്. കൊല്ലും കൊലവിളിയും നടത്തിയ ജന്മിത്വത്തിനെതിരെ സംഘടിത ചെറുത്തുനില്‍പ്പുകളിലൂടെ ഉയര്‍ന്നുപൊന്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നിരായുധരാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനശൈലി അന്യമല്ല . അതാദ്യം കാണിച്ചുകൊടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. തുടങ്ങിയ കാര്യങ്ങള്‍ ജനയുഗം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് ഉയര്‍ത്തി കാണിക്കാന്‍ സാധിക്കുന്നില്ലെന്നും സിപിഐക്ക് പരാതിയുണ്ട്. ഇടതു പ്രസ്ഥാനങ്ങളുടെ നേരറിവോ സമ്ബന്ന ചരിത്രമോ ഇല്ലാത്ത ആര്‍.എസ്.എസിന് കേരളരാഷ്ട്രീയത്തില്‍ ശ്രദ്ധ കൊടുക്കുന്ന രീതിയിലുള്ള അനാവശ്യ നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും ജനയുഗം ചൂണ്ടിക്കാണിക്കുന്നു.