തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സിപിഐ-സിപിഎം സംഘർഷം. തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിൽ എൽഡിഎഫ് ഘടകക്ഷികളായ ഇരുപാർട്ടിയുടെയും തൊഴിലാളി സംഘടനകൾ വെവ്വേറെ പന്തൽ കെട്ടിയാണ് സമരം നടത്തിയത്. സമരത്തിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം സി.ഐ.ടി.യു തൊഴിലാളികളുടെ സമരപന്തലിനു മുന്നിൽ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിയത്.
എ.ഐ.ടി.യു.സി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. തുടർന്ന് രണ്ട് സംഘങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെ സിഐടിയു പ്രവർത്തകർ തിരികെ എഐടിയുസിയുടെ സമര പന്തലിനടുത്തേക്ക് പ്രകടനം നടത്തി. ഇത് പോലീസ് വാഹനം കുറുകെ ഇട്ട് തടഞ്ഞു. ഇതിന് പിന്നാലെ രണ്ട് കൂട്ടരും തമ്മിൽ പരസ്പരം കല്ലേറ് നടന്നു. പോലീസ് ഇടപെട്ടു രംഗം ശാന്തമാക്കിയെങ്കിലും സംഘർഷാവസ്ഥ തുടരുകയാണ്.