സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തലസ്ഥാനം വിട നൽകി . മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടു പോയി. തിരുവനന്തപുരം പട്ടം സിപിഐ ഓഫീസിലെ പൊതുദർശനം പൂർത്തിയായി. ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഭി വാദ്യമർപ്പിക്കാനായി തലസ്ഥാനത്തേക്ക് എത്തിയത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, എം വിജയകുമാർ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, ചിഞ്ചുറാണി, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, പ്രകാശ് ബാബു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
കോട്ടയത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം കാനത്തുള്ള വസതിയിലേക്ക് കെഎസ്ആര്‍ടിസി യുടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകുന്നത് . ഡി രാജ അടക്കമുള്ള കേന്ദ്ര- സംസ്ഥാന നേതാക്കളും മന്ത്രിമാരും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. പിന്നാലെയാണ് മരണം.ഞായറാഴ്‌ച രാവിലെ 11 മണിയോടെയാകും വാഴൂർ കാനത്തെ വീട്ടുവളപ്പിൽ സംസ്‌കാരം.
ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്ത സമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു. 2015 മുതലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്നത്. തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു.