കൊച്ചി • തലശേരിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ പടുവിലായി വട്ടപ്പാറ ഷാജിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു സിപിഎം പ്രവര്‍ത്തകരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. ഒന്‍പതാംപ്രതി പനോളി വല്‍സനെ വിട്ടയച്ച കീഴ്ക്കോടതി നടപടിയിലും ഇടപെട്ടില്ല. തെളിവുകള്‍ വിശദമായി വിലയിരുത്തിയതില്‍ നിന്ന് കീഴ്ക്കോടതിയുടെ ശിക്ഷാവിധിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്നു കോടതി വ്യക്തമാക്കി.
ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ പടുവിലായി ആയിയാറപറമ്ബത്ത് വീട്ടില്‍ കെ.വി.ഉമേഷ്ബാബു, ചാത്തോത്ത് കുന്നുമ്ബ്രത്ത് വീട്ടില്‍ സി.കെ.അശോകന്‍, കൈതേരിപ്പൊയില്‍ പറമ്ബത്ത് വീട്ടില്‍ പറമ്ബന്‍ പ്രമോദ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി വെള്ളുവക്കണ്ടി വീട്ടില്‍ കെ.വി.ശ്രീധരന്‍, കനാല്‍ക്കര കിള്ളിയോട്ട് ചാലില്‍ രജീഷ്, കിള്ളിയോട്ടു വടക്കെചാല്‍ ഐലാച്ചി രാജീവന്‍, വാളാങ്കിച്ചാല്‍ മുതലക്കണ്ടി വീട്ടില്‍ എം.കെ.സുരേന്ദ്രന്‍, കമലാ നിവാസില്‍ കൊയമ്ബ്രോന്‍ അശോകന്‍ എന്നിവര്‍ക്കു തലശേരി സെഷന്‍സ് കോടതി നല്‍കിയ കുറ്റവും ശിക്ഷയുമാണു ശരിവച്ചത്.
ഏഴാംപ്രതി എം.കെ.സുരേന്ദ്രന് സ്ഫോടകവസ്തു നിരോധന നിയമ പ്രകാരം 15 വര്‍ഷം കഠിനതടവു ശിക്ഷ വിധിച്ചതിലും കോടതി ഇടപെട്ടില്ല.
ശിക്ഷാവിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലും ഒന്‍പതാം പ്രതിയെ വിട്ടയച്ചതിനെതിരെ കൊല്ലപ്പെട്ട ഷാജിയുടെ അമ്മ സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയും തള്ളിക്കൊണ്ടാണു ജസ്റ്റിസ് കെ.ടി.ശങ്കരന്‍, ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഒന്‍പതാംപ്രതിയെ വിട്ടയച്ചതില്‍ അപാകതയില്ലെന്നു കോടതി വ്യക്തമാക്കി.
2002 നവംബര്‍ 17നു രാത്രി ഒന്‍പതിന് ആര്‍എസ്‌എസ് ശാഖ കഴിഞ്ഞു സുഹൃത്തിനോടൊപ്പം നടന്നുപോവുകയായിരുന്ന ഷാജിയെ മുണ്ടമെട്ട വായനശാലയ്ക്കു സമീപം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. കേസിലെ ഒന്‍പതു മുതല്‍ 15 വരെ പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് കീഴ്ക്കോടതി വിട്ടയച്ചിരുന്നു.