മുന്നണി വിപുലീകരണം അനിവാര്യമെന്ന് സിപിഎം

252

തൃശൂര്‍ : സംസ്ഥാന പോലീസിനും സിപിഐക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സമിതി പ്രവര്‍ത്തന റിപ്പോര്‍ട്ട്. മുന്നണി വിപുലീകരണം അനിവാര്യമാണ്. ഇക്കാര്യത്തില്‍ സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുക്കേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് തെറ്റാണ്. സിപിഐയുടെ നിലപാട് മുന്നണിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നാളെ ഗ്രൂപ്പ് ചര്‍ച്ച നടക്കും.

സംസ്ഥാന പോലീസിനെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിച്ചു. പോലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും പോലീസ്ഭരണത്തില്‍ ജാഗ്രത വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പോലീസില്‍ വിവിധ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉള്ളവര്‍ ഉണ്ടെന്ന് സിപിഐഎം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവരുടെ ഇടപെടലുകളാണ് സര്‍ക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള പോലീസ് വകുപ്പിനെതിരെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പോലും സ്റ്റേഷനില്‍ കയറാന്‍ കഴിയുന്നില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനം.

NO COMMENTS