തിരുവനന്തപുരം : സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണത്തിനായി സിപിഐഎം സംസ്ഥാന സമിതി ഇന്നും നാളെയുമായി യോഗം ചേരും. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെ മൂന്ന് പുതുമുഖങ്ങള്‍ സെക്രട്ടേറിയറ്റിലെത്തിയേക്കും. ദക്ഷിണാമൂര്‍ത്തിയുടെ ഒഴിവിലേക്കായിരിക്കും പി.ജയരാജനെ പരിഗണിക്കുക. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിനുശേഷം പതിനഞ്ചംഗ സെക്രട്ടേറിയറ്റിനാണ് സിപിഐഎം രൂപം നല്‍കിയത്. ഇതില്‍ വി.വി.ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒരു ഒഴിവാണ് നിലവിലുള്ളത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കരുണാകരന്‍, തോമസ് ഐസക്ക്, പി.കെ.ശ്രീമതി എന്നിവരെ ഒഴിവാക്കിയേക്കാം. അതേസമയം, ഇടതുമുന്നണി കണ്‍വീനറായി വൈക്കം വിശ്വന്‍ തുടരണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും സംസ്ഥാനസമിതി ചര്‍ച്ച ചെയ്യും.
വ്യക്തിപൂജാ വിവാദത്തെത്തുടര്‍ന്ന് വിമര്‍ശനമേറ്റുവാങ്ങിയ ജയരാജനെ കണ്ണൂരില്‍ സെക്രട്ടറിയായി നിലനിര്‍ത്തുന്നതിനോടു സംസ്ഥാനനേതൃത്വത്തിന് താല്‍പര്യമില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ സെക്രട്ടേറിയറ്റിന്റെ ഭാഗമാക്കുന്നത്. പി.ജയരാജന് പകരം നേതൃത്വത്തിന് താല്‍പര്യമുള്ള മറ്റൊരാളെ കണ്ണൂരില്‍ ജില്ലാസെക്രട്ടറിയായി നിയോഗിക്കും. എണ്‍പതു വയസ് പിന്നിട്ടെങ്കിലും, ആനത്തവട്ടം ആനന്ദനെ നിലനിര്‍ത്തുമെന്നാണ് സൂചന. കഴിഞ്ഞ തവണ സെക്രട്ടേറിയറ്റംഗമാകാന്‍ വിമുഖത പ്രകടിപ്പിച്ച ജി.സുധാകരനെ ഇത്തവണ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. എം.വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.രാജഗോപാല്‍, ടി.എന്‍.സീമ തുടങ്ങിയവരുടെ പേരുകള്‍ സജീവമാണ്.