സിപിഎം നേതാക്കളായ ദമ്പതിമാരുടെ വീടിനു മുന്‍പില്‍ റീത്തും ഭീഷണിക്കത്തും

306

തളിപ്പറമ്പ്• സിപിഎം നേതാക്കളായ ദമ്പതിമാരുടെ വീടിനു മുന്‍പില്‍ റീത്തും ഭീഷണിക്കത്തും. ദേശീയപാത ബൈപ്പാസ് പ്രശ്നത്തെ ചൊല്ലി പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് റീത്ത് വച്ചതെന്നാണ് ആരോപണം. പൂക്കോത്ത് തെരുവിലെ പി.ശങ്കരന്‍ നമ്ബ്യാരുടെ വീട്ടുപടിക്കലാണ് ഇന്നു രാവിലെ റീത്ത് പ്രത്യക്ഷപ്പെട്ടത്.
കീഴാറ്റൂര്‍ പ്രദേശത്ത് കൂടി കടന്നുപോകുമെന്നു കരുതുന്ന നിര്‍ദ്ദിഷ്ട ദേശീയപാത ബൈപ്പാസിനെ അനുകൂലിച്ചാല്‍ വെറുതേ വിടില്ലെന്നു സൂചിപ്പിക്കുന്ന കത്തും ഇതോടൊപ്പമുണ്ടായിരുന്നു. മറ്റൊരു ഭീഷണി കത്ത് ചുമരില്‍ പതിക്കുകയും ചെയ്തിരുന്നു. കീഴാറ്റൂരിലെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബൈപ്പാസ് നിര്‍ദേശത്തിനെതിരെ സമരം നടത്തി വരികയാണ്.ഇതിനു മുന്‍പ് ജനാധിവാസമേഖലയില്‍ കൂടി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ നടന്ന ഒപ്പ് ശേഖരണത്തില്‍ ശങ്കരനും ഭാര്യ റിട്ട. അധ്യാപിക ടി.സി. ജാനകിയും പങ്കു ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് കീഴാറ്റൂര്‍ വഴിയുള്ള പുതിയ നിര്‍ദേശം വന്നത്. എന്നാല്‍ വയല്‍ പ്രദേശത്ത് കൂടിയുള്ള നിര്‍മ്മാണത്തിനെതിരെ ഇവിടെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമരം ആരംഭിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് റീത്ത് പ്രയോഗമെന്നാണ് ആരോപണം.സിപിഎം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രി ഡയറക്ടറായിരുന്നു ശങ്കരന്‍. സിപിഎമ്മിന്റെ സഹകരണ ആശുപത്രി, വനിതാ സഹകരണ സംഘം എന്നിവയുടെ സ്ഥാപക ഡയറക്ടറായ ജാനകിയും സജീവ പ്രവര്‍ത്തകയാണ്. വിവരമറിഞ്ഞ് സിപിഎം ഏരിയ സെക്രട്ടറി പി.മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റ ഫെയ്സ്ബുക്കില്‍ ഇവര്‍ക്കും ബൈപ്പാസ് റൂട്ട് മാറ്റാന്‍ പ്രവര്‍ത്തിച്ചവര്‍ക്കുമെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാമൂഹിക വിരുദ്ധരാണ് സംഭവത്തിനു പിന്നിലെന്നും ഇതിനെ കുറിച്ച്‌ അന്വേഷിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY