പാലക്കാട്: സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്. അനധികൃത സ്പിരിറ്റ് കടത്ത് കേസില്‍ ഒളിവില്‍ പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലിനെ പാര്‍ട്ടി പുറത്താക്കി. ചിറ്റൂരില്‍ 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസില്‍ സിപിഎം പ്രാദേശിക നേതാവായ അത്തിമണി അനില്‍ ഒളിവിലാണ്. എക്സൈസ് സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടാണ് ഇയാള്‍ ഒളിവില്‍ പോയത്.
ജെഡിഎസ് പ്രവര്‍ത്തകരെ വെട്ടിയതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ് അനില്‍. കഴിഞ്ഞ ദിവസം ചിറ്റൂരില്‍ സ്പിരിറ്റുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അനിലായിരുന്നു. 35 ലിറ്ററിന്റെ 15 കന്നാസിലായിരുന്നു സ്പിരിറ്റ് കടത്തിയത്. പരിശോധനയ്ക്കിടെ എക്സൈസ് പിടിയിലായതോടെ കുതറിയോടിയ അനില്‍, മറ്റൊരു കാറില്‍ കയറി രക്ഷപെട്ടു.
തൃശൂരില്‍നിന്ന് കൊണ്ടുവന്ന സ്പിരിറ്റ് കള്ളുഷാപ്പുകളിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് കടത്തിയതാണെന്നാണ് സൂചന. അനിലിനെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കി. നിരവധി പോലീസ് കേസുകളില്‍ പ്രതിയായ അനിലിന് വ്യാജ മദ്യ നിര്മാണവുമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.