പാലാ: ഇന്ന് രാവിലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിനിടെയാണ് സിപിഎം-കേരള കോണ്‍ഗ്രസ്-എം അംഗങ്ങൾ തമ്മിലടിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുന്നത് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണം.
നഗരസഭാ കൗണ്‍സിൽ യോഗത്തിനിടെ ഭരണകക്ഷി അംഗങ്ങൾ തമ്മിലടിച്ച സംഭവത്തിന് പിന്നാലെ വൈകിട്ട് സിപിഎം-കേരള കോണ്‍ഗ്രസ്-എം പ്രതിനിധികൾ സംയുക്തയോഗം വിളിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി മാധ്യമപ്രവർത്തകരെയും കാണും.
ഭരണകക്ഷിയിലെ കൗണ്‍സിലർമാരും പ്രാദേശിക നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. കൗണ്‍സിൽ യോഗത്തിലെ തർക്കം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് അടിയന്തര യോഗം പാർട്ടികൾ സംയുക്തമായി വിളിച്ചുചേർക്കുന്നത്.
കേരള കോണ്‍ഗ്രസ്-എമ്മിലെ ബൈജു കൈല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പിളിക്കക്കണ്ടവും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും. മറ്റ് കൗണ്‍സിലർമാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. തർക്കത്തെ തുടർന്ന് കൗണ്‍സിൽ യോഗം മുടങ്ങി.