കണ്ണൂർ: സിപിഎം നേതാക്കളെയും കുടുംബങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പല ആയുധങ്ങളും പല വ്യാജരേഖകളും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും എന്നാൽ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ഇതൊന്നും മതിയാവില്ലെന്നും ശബ്ദാനുകരണത്തിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. മുല്ലപ്പള്ളി ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട. മുല്ലപ്പള്ളി പണ്ട് കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ മന്ത്രിയാണോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ആഴക്കടല്‍ മല്‍സ്യബന്ധന കരാറിന്റെ ധാരണാപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി.ആഴക്കടല്‍ കരാർ റദ്ദാക്കാന്‍ വ്യവസായ മന്ത്രി തന്നെ കെഎസ്ഐഡിസിയോട് പറഞ്ഞതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം റദ്ദാക്കുകയും ചെയ്തു. റദ്ദാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയില്ലെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. തീരദേശത്തെ ജനങ്ങൾക്ക് മുന്നിൽ യഥാർഥ കുറ്റവാളി കോണ്‍ഗ്രസാണ്. മത്സ്യത്തൊഴിലാളികളെ ചേർത്തുനിർത്തിയത് എൽഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരട്ടവോട്ടില്‍ രമേശ് ചെന്നിത്തലയുടെ കണ്ടെത്തല്‍ മഹാകാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ച് ഒരു വെബ്സൈറ്റിലാക്കി, എന്തോ മഹാകാര്യമെന്ന മട്ടില്‍ ചെന്നിത്തല പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് ബോധപൂര്‍വം ഇരട്ടവോട്ട് ചേര്‍ത്തെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷത്തിനെതിരെ വികസന വിരോധികൾ അണിചേർന്നുകയാണ്. വ്യാജ കഥകൾ പ്രചരിപ്പിക്കാൻ നോക്കുന്നു. കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് എന്ന് സർവ്വേ കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതൽ രാജസ്ഥലാണ്. വികസനത്തിൽ കേരളം ബഹുകാതം മുന്നോട്ട് പോയി.
ബൊഫോഴ്സ് മുതൽ 2ജി വരെ നടത്തിയവരാണ് കേരളത്തിൽ അഴിമതിയെ കുറിച്ച് പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. യുഡിഎഫിന്റെ നശീകരണ രാഷ്ട്രീയത്തെ സഹായിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കുന്നത്. കിഫ്ബിയെ തകർത്തിട്ട് എന്താണ് ഇക്കൂട്ടർ നേടാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
എൽഡിഎഫ് നേതാക്കളെയും കുടുംബാംഗങ്ങളെയും നീചമായി കടന്നാക്രമിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഇവിടുത്തെ കാര്യങ്ങൾ കൃത്യമായി അറിയാത്ത നേതാക്കൾ പറന്നിറങ്ങി പറയുന്നത് ഏറ്റു പാടുകയാണ്. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയാണ് ഇതിലൂടെ തകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ധർമടത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.