കൊല്ലം: പുനലൂരില്‍ അങ്കണവാടി സിപിഐ എം പ്രവർത്തകർ താഴിട്ടുപൂട്ടി. പുനലൂർ കരവാളൂരിലാണ് സംഭവം. അങ്കണവാടി വർക്കറുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ
തർക്കത്തിനൊടുവിലാണ് സംഭവം.
കരവാളൂർ പഞ്ചായത്തില നെടുമല വാർഡിലെ അങ്കണവാടിയാണ് താഴിട്ട് പൂട്ടിയത്. ദിവസങ്ങൾക്ക് മുമ്പ് അങ്കണവാടി വർക്കർ എം അനിലകുമാരിയെ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥലംമാറ്റിയിരുന്നു. സ്ഥലം മാറ്റം പഞ്ചായത്തിനെ അറിയിച്ചില്ലാന്നാരോപിച്ച് പഞ്ചായത്ത് അംഗങ്ങളും രംഗത്തെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് അനിലകുമാരിയെ ഇതേ അങ്കണവാടിയിൽ തന്നെ തിരിച്ചെടുത്ത് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കി. സ്ഥാനമേൽക്കുന്നതിനായി അനിലകുമാരി എത്തുന്നത് തടയാൻ വേണ്ടിയാണ് ഒരു വിഭാഗം സിപിഎം പ്രവർത്തകർ അങ്കണവാടി മറ്റൊരു താഴിട്ട് പൂട്ടിയത്. സംഭവത്തിന് പിന്നിൽ ബന്ധുകൂടിയായ ബ്ലോക്ക് പഞ്ചായത്ത് മെംബറാണെന്നാണ് ആരോപണം.
വർക്കറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും, അങ്കണവാടിയിൽ കയറാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് ഒരു വിഭാഗം സിപിഎം പ്രവർത്തകരും സംഘടിച്ചത് സംഘർഷ സാധ്യത വർധിപ്പിച്ചു. തുടര്‍ന്നു പൊലീസ് സാനിധ്യത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കാനാണ് പൊലീസ് തീരുമാനം.