ബ്രസീലിയൻ വിമാന നിർമാതാക്കളായ എംബ്രയർ പുതു തലമുറയിലെ തങ്ങളുടെ ഇ–ജെറ്റ് വിമാനങ്ങൾ പുറത്തിറക്കി. ഇന്ധനച്ചെലവു കുറഞ്ഞ ഈ ശ്രേണി പുറത്തിറക്കിയതോടെ ഇടത്തരം വിമാന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് എംബ്രയർ. ഇന്ത്യൻ വിമാനക്കമ്പനിയായ എയർ കോസ്റ്റ ഉൾപ്പെടെ പല വിമാനക്കമ്പനികളും പുതിയ ഇനം വിമാനങ്ങൾക്ക് ഓർഡർ നൽകിക്കഴിഞ്ഞു.
11500 കോടി രൂപ നിക്ഷേപത്തോടെ 2013 ജൂണിലാണ് എംബ്രയർ രണ്ടാം തലമുറയിലെ ഇ2 എന്ന ഈ വിമാനങ്ങളുടെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച വിമാനം പുറത്തിറക്കി. ഏതാണ്ട് 640 വിമാനങ്ങൾക്കാണ് ഇതുവരെ ഓർഡർ ലഭിച്ചിട്ടുള്ളത്. ഇതിൽ 267 എണ്ണം ഉറപ്പായ ഓർഡറുകളാണ്. ഇ2 സീരീസിൽ 70 മുതൽ 130 വരെ സീറ്റുകളുള്ള വിമാനങ്ങളാണുള്ളത്. പ്രാറ്റ് ആൻഡ് വൈറ്റ്നിയുടെ പിഡബ്ള്യു 1900ജി ഇനം ശബ്ദം കുറഞ്ഞ പുതിയ എൻജിനുകളാണ് ഈ വിമാനങ്ങൾക്ക്.
അത്യാധുനിക വിമാന നിയന്ത്രണോപാധികളും പുതിയ എയ്റോഡൈനാമിക് രൂപകൽപനയും ഇവയ്ക്കു പുതിയ മാനം നൽകുന്നു. ചിറകുകൾക്കു നൽകിയിരിക്കുന്ന പുതിയ രൂപകൽപന ഇന്ധനക്ഷമത കൂട്ടുന്നതും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതുമാണ്. വിമാനത്തിനകത്തു ശബ്ദം പരമാവധി കുറയ്ക്കാനുമാകുന്നു. അൻപത് E2 വിമാനങ്ങൾക്കാണ് എയർ കോസ്റ്റ ഓർഡർ നൽകിയിരിക്കുന്നത്. 19,900 കോടി രൂപയുടേതാണ് ഈ ഓർഡർ. മറ്റൊരു അൻപതെണ്ണത്തിന് ഉറപ്പില്ലാത്ത ഓർഡറും എയർ കോസ്റ്റ നൽകിയിട്ടുണ്ട്.
25 ഇ–190–ഇ2 വിമാനങ്ങൾക്കും 25 ഇ–195–ഇ2 വിമാനങ്ങളുടേതുമാണ് എയർകോസ്റ്റയുടെ ഉറപ്പുള്ള ഓർഡർ. 2018 ആദ്യം മുതൽ എയർകോസ്റ്റയ്ക്ക് ഈ വിമാനങ്ങൾ ലഭിച്ചു തുടങ്ങും. ഇ–190–ഇ2 വിമാനങ്ങൾക്ക് 98 സീറ്റുകളാണുള്ളത്. ആറു ബിസിനസ് ക്ലാസ് സീറ്റുകളും 92 ഇക്കോണമി ക്ലാസ് സീറ്റുകളും. ഇ–195–ഇ2 വിമാനങ്ങൾക്ക് 118 സീറ്റുകളുണ്ടാകും.
ഇതിൽ 12 എണ്ണം ബിസിനസ് ക്ലാസ് സീറ്റുകളാണ്. ഒരു വർഷം പത്തു വിമാനങ്ങൾ വീതം അഞ്ചു വർഷം കൊണ്ട് എയർകോസ്റ്റയ്ക്ക് മുഴുവൻ വിമാനങ്ങളും ലഭിക്കും. നിലവിൽ എംബ്രയറിന്റെ തന്നെ ഇ–170, ഇ–190 വിമാനങ്ങളാണ് എയർ കോസ്റ്റ ഉപയോഗിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ കോസ്റ്റ വിജയവാഡ, ജയ്പുർ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
കടപ്പാട് : മനോരമ