കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഹാര്‍ദിക് പാണ്ഡ്യയുടെ മികവില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 209 റണ്‍സിന് പുറത്ത്. സെഞ്ചുറിയുടെ വക്കില്‍ വീണുപോയ പാണ്ഡ്യയാണ് ഇന്ത്യയെ കരകയറ്റിയത്. 95 പന്ത് നേരിട്ട് 93 റണ്‍സ് അടിച്ചുകൂട്ടിയ പാണ്ഡ്യ റബാഡയുടെ പന്തില്‍ ക്വിന്റന്‍ ഡീകോക്കിനു പിടികൊടുത്ത് മടങ്ങുമ്ബോള്‍ ടീം ഇന്ത്യ കുഴപ്പമില്ലാത്ത അവസ്ഥയിലായിരുന്നു. ഏകദിന ശൈലിയില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ കടന്നാക്രമിച്ചു മുന്നേറിയ പാണ്ഡ്യക്കു അര്‍ഹിച്ച സെഞ്ചുറിയാണ് നഷ്ടമായത്. റബാഡയുടെ ഉയര്‍ന്നു പൊങ്ങിയ പന്തില്‍ ബാറ്റുവച്ച പാണ്ഡ്യക്കു പിഴച്ചു. പാണ്ഡ്യ വീണതോടെയാണ് ദക്ഷിണാഫ്രിക്ക കളിയിലേക്ക് തിരിച്ചു വന്നത്. 92 റണ്‍സിന് ഏഴു വിക്കറ്റെന്ന നാണക്കേടില്‍നിന്ന് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും (25) ചേര്‍ന്നാണ് രക്ഷിച്ചത്. ഇരുവരും എട്ടാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഭുവി-പാണ്ഡ്യ കൂട്ടുകെട്ട് പൊളിഞ്ഞതിനു പിന്നാലെ ഇന്ത്യ 200 കടന്നെങ്കിലും ഇന്നംഗ്സിനു ആയുസ് നീണ്ടില്ല.