വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

275

രാജ്‌കോട്ട് : വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഇന്നിംഗ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. 57 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനും ചേര്‍ന്നാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 83 റണ്‍സെടുത്ത ഓപ്പണര്‍ കീറോണ്‍ പവല്‍ മാത്രമാണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ചെറുത്തുനിന്നത്. 48.1 ഓവറില്‍ വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സിലും വിന്‍ഡീസ് 48 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 649 റണ്‍സിന് മറുപടിയായി മൂന്നാം ദിനം വിന്‍ഡീസ് ആദ്യ സെഷനില്‍ തന്നെ 181 റണ്‍സിന് ഓള്‍ ഔട്ടായി. 468 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി നാലുവിക്കറ്റെടുത്ത അശ്വിനും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയും ബൗളിംഗില്‍ തിളങ്ങി. ഉമേഷ് യാദവ്, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

NO COMMENTS