ഇന്ത്യ പരമ്പര തൂത്തുവാരി (3-0)

219

ഇന്‍ഡോര്‍• ഇന്‍ഡോര്‍ ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയം ആതിഥ്യം വഹിച്ച ആദ്യ ടെസ്റ്റ് മല്‍സരത്തിന് വിജയക്കുറി ചാര്‍ത്തി ടീം ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 321 റണ്‍സിന് ജയിച്ച ഇന്ത്യ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്ബര തൂത്തുവാരി. ടെസ്റ്റിലെ ആറാം 10 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനാണ് നാലാം ദിനത്തില്‍ തന്നെ ന്യൂസീലന്‍ഡിനെ ചുരുട്ടിക്കെട്ടിയത്. രണ്ടാം ഇന്നിങ്സില്‍ 59 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍, പരമ്ബരയിലാകെ 27 വിക്കറ്റ് സ്വന്തം പേരിലാക്കി. 32 റണ്‍സ് നേടിയ റോസ് ടെയ്ലറാണ് രണ്ടാം ഇന്നിങ്സില്‍ കിവീസിന്റെ ടോപ്സ്കോറര്‍.ഇന്ത്യയുടെ 500-ാം ടെസ്റ്റ് മല്‍സരമെന്ന നിലയില്‍ ശ്രദ്ധേയമായ കാന്‍പുരിലെ ആദ്യ മല്‍സരം 197 റണ്‍സിനും, നാട്ടിലെ 250-ാം ടെസ്റ്റെന്ന നിലയില്‍ ശ്രദ്ധേയമായ കൊല്‍ക്കത്തയിലെ രണ്ടാം മല്‍സരം 178 റണ്‍സിനും ഇന്ത്യ ജയിച്ചിരുന്നു.

ഇന്‍ഡോര്‍ സ്റ്റേഡിയം ആതിഥ്യം വഹിച്ച ആദ്യ മല്‍സരത്തിലും ജയിച്ചുകയറിയതോടെ പരമ്ബര തൂത്തുവാരിയ ഇന്ത്യ, ടെസ്റ്റിലെ ഒന്നാം സ്ഥാനവും ഊട്ടിയുറപ്പിച്ചു. മൂന്നോ അതില്‍കൂടുതലോ മല്‍സരങ്ങളുള്ള പരമ്ബര ഇന്ത്യ തൂത്തു വാരുന്നത് ഇത് നാലാം തവണയാണ്. ന്യൂസീലന്‍ഡിനെതിരെ ആദ്യവും. 1992-93ല്‍ ഇംഗ്ലണ്ടിനെതിരെയും 1993-94ല്‍ ശ്രീലങ്കയ്ക്കെതിരെയും, 2012-13ല്‍ ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യ പരമ്ബര തൂത്തുവാരിയിരുന്നു.
സ്കോര്‍: ഇന്ത്യ – അഞ്ചിന് 557, മൂന്നിന് 216, ന്യൂസീലന്‍ഡ് 299, 151
ആദ്യ ഇന്നിങ്സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍, രണ്ടാം ഇന്നിങ്സില്‍ ഏഴു കിവീസ് താരങ്ങളെ കൂടാരം കയറ്റിയാണ് കരിയറിലെ ആറാം പത്തുവിക്കറ്റ് നേട്ടം കൈക്കലാക്കിയത്. കാന്‍പുരില്‍ നടന്ന ആദ്യ ടെസ്റ്റിലും 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന്‍, ഹര്‍ഭജന്‍ സിങ്ങിന് ശേഷം ഒരു പരമ്ബരയില്‍ രണ്ടു 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ആദ്യ ഇന്നിങ്സില്‍ അര്‍ധസെഞ്ചുറി നേടിയ ടോം ലാതത്തെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഉമേഷ് യാദവ് തുടക്കമിട്ട വിക്കറ്റ് വേട്ട, അശ്വിന്‍ ഏറ്റെടുക്കുകയായിരുന്നു. ശേഷിച്ച രണ്ടു വിക്കറ്റുകള്‍ രവീന്ദ്ര ജഡേജ പോക്കറ്റിലാക്കി.
മികച്ച പ്രകനവുമായി അശ്വിന്‍ കളം നിറഞ്ഞതോടെ കിവീസ് നിരയില്‍ രണ്ടക്കം കടക്കാനായത് ആറു പേര്‍ക്ക്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (29), കെയ്ന്‍ വില്യംസന്‍ (27), റോസ് ടെയ്ലര്‍ (32), ലൂക്ക് റോഞ്ചി (15), മിച്ചല്‍ സാന്റ്നര്‍ (14), വാട്‍ലിങ് (പുറത്താകാതെ 23) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍. ആദ്യ ഇന്നിങ്സില്‍ അര്‍ധസെഞ്ചുറി നേടിയ ടോം ലാതം (ആറ്), ജെയിംസ് നീഷാം (0) എന്നിവര്‍ കാര്യമായ സംഭാവന കൂടാതെ മടങ്ങി. ജീതന്‍ പട്ടേല്‍, മാറ്റ് ഹെന്‍റി എന്നിവരും സംപൂജ്യരായപ്പോള്‍ ബൗള്‍ട്ട് നാലു റണ്‍സുമായി മടങ്ങി.
നേരത്തെ, രണ്ടാം ഇന്നിങ്സില്‍ മൂന്നിന് 216 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ കിവീസിനുമുന്നില്‍ 475 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തുകയായിരുന്നു. ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റന്‍ ലീഡ് നേടിക്കൊടുത്തത്. 148 പന്തില്‍നിന്ന് 101 റണ്‍സെടുത്ത് പൂജാര പുറത്താകാതെ നിന്നു. 39-ാം ടെസ്റ്റ് കളിക്കുന്ന പൂജാരയുടെ എട്ടാം സെഞ്ചുറിയാണിത്. അര്‍ധ സെഞ്ചുറി നേടി ഗൗതം ഗംഭീറും (50) മികച്ച പ്രകടനം കാഴ്ചവച്ചു.
അവസരത്തിനൊത്തുയര്‍ന്ന് അതിവേഗം റണ്‍സ് കണ്ടെത്തിയ ഗംഭീര്‍, അര്‍ധസെഞ്ചുറിയുമായി തിരിച്ചുവരവ് ഗംഭീരമാക്കിയതാണ് നാലാം ദിവസത്തെ കളിയുടെ ഹൈലൈറ്റ്. 56 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെടെയാണ് ഗംഭീര്‍ 50 റണ്‍സെടുത്തത്. പരുക്കേറ്റതുമൂലം മൂന്നാം ദിനം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഗംഭീര്‍, മുരളി വിജയ് പുറത്തായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ക്രീസിലെത്തിയത്. ന്യൂസീലന്‍ഡ് ബാറ്റ്സ്മാന്‍മാരെ ഇന്ത്യ കറക്കി വീഴ്ത്തിയപിച്ചില്‍ ഗംഭീര്‍ യഥേഷ്ടം റണ്‍സ് കണ്ടെത്തി. ഒടുവില്‍ ജീതന്‍ പട്ടേലിന്റെ പന്തില്‍ ഗപ്റ്റിന് ക്യാച്ചു സമ്മാനിച്ചായിരുന്നു ഗംഭീറിന്റെ മടക്കം.

NO COMMENTS

LEAVE A REPLY