റാഞ്ചി• ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 19 റണ്‍സ് വിജയവുമായി ന്യൂസീലന്‍ഡ് പരമ്പരയില്‍ 2-2ന് ഒപ്പമെത്തി. ടോസ് നേടി ആദ്യ ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തപ്പോള്‍, ഇന്ത്യയുടെ പോരാട്ടം 241 റണ്‍സില്‍ അവസാനിച്ചു. രഹാനെയും കോഹ്‍ലിയുമൊഴികെയുള്ള മുന്‍നിര, മധ്യനിര ബാറ്റ്സ്മാന്‍മാര്‍ നിരാശപ്പെടുത്തിയിട്ടും സധൈര്യം പോരാടിയ വാലറ്റമാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്. ഇതോടെ, പരമ്പര വിജയികളെ നിശ്ചയിക്കുന്നതില്‍ വിശാഖപട്ടണത്ത് നടക്കുന്ന അവസാന ഏകദിനം നിര്‍ണായകമായി.
സ്കോര്‍: ന്യൂസീലന്‍ഡ് – നിശ്ചിത 50 ഓവറില്‍ ഏഴിന് 260. ഇന്ത്യ – 48.4 ഓവറില്‍ 241.
ആദ്യം ബാറ്റു ചെയ്ത് ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. രണ്ടാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്ത രഹാനെ-കോഹ്‍ലി സഖ്യം പൊരുതിയെങ്കിലും പിന്നീട് വന്നവര്‍ക്ക് ആ മികവ് തുടരാനായില്ല. വാലറ്റത്ത് അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ചെറുത്തുനിന്നെങ്കിലും വിജയത്തിന് 19 റണ്‍സ് അകലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. ന്യൂസീലന്‍ഡിനായി ടിം സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട്, ജയിംസ് നീഷാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
40 പന്ത് നേരിട്ട് 38 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ (രണ്ട് ബൗണ്ടറി, ഒരു സിക്സ്), 17 പന്ത് നേരിട്ട് 14 റണ്‍സെടുത്ത അമിത് മിശ്ര (ഒരു ബൗണ്ടറി), 26 പന്ത് നേരിട്ട് 25 റണ്‍സെടുത്ത ധവാല്‍ കുല്‍ക്കര്‍ണി (രണ്ടു ബൗണ്ടറി, ഒരു സിക്സ്) എന്നിവരാണ് പോരാട്ടത്തിന് അവസാന നിമിഷം നാടകീയ സ്വഭാവം നല്‍കിയത്. ഒടുവില്‍ 12 പന്തില്‍ ഏഴു റണ്‍സെടുത്ത ഉമേഷ് യാദവിനെ ബൗള്‍ട്ട്, ടെയ്ലറിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. എട്ടാം വിക്കറ്റില്‍ മിശ്ര-അക്ഷര്‍ പട്ടേല്‍ സഖ്യം 38 റണ്‍സും അവസാന വിക്കറ്റില്‍ കുല്‍ക്കര്‍ണി-ഉമേഷ് യാദവ് സഖ്യം 34 റണ്‍സുമെടുത്തു. 57 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. 70 പന്തുകള്‍ നേരിട്ട രഹാനെ, അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് 57 റണ്‍സെടുത്തത്. കഴിഞ്ഞ മല്‍സരത്തിലെ സെഞ്ചുറിവീരനായ ഉപനായകന്‍ വിരാട് കോഹ്‍ലി 51 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 45 റണ്‍സെടുത്ത് മടങ്ങി. രോഹിത് ശര്‍മ (19 പന്തില്‍ 11), ധോണി (31 പന്തില്‍ 11), മനീഷ് പാണ്ഡെ (12 പന്തില്‍ 12), കേദാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 9), എന്നിവര്‍ നിരാശപ്പെടുത്തി.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ അര്‍ധസെഞ്ചുറിയുടെ (72) മികവിലാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. വില്യംസണ്‍ (41), ലാതം (39), റോസ് ടേലര്‍ (34) എന്നിവരും ഭേഭപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓപ്പണിങ് വിക്കറ്റില്‍ ലാതവും ഗപ്റ്റിലും ചേര്‍ന്ന് നേടിയ 96 റണ്‍സാണ് ന്യൂസീലന്‍ഡ് ഇന്നിങ്സിന്റെ നട്ടെല്ല്. ഇന്ത്യയ്ക്കായി അമിത് മിശ്ര രണ്ടു വിക്കറ്റ് വീഴ്ത്തി.