മുംബൈ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

211

മുംബൈ• ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഒന്നാ‍ം ഇന്നിങ്സില്‍ 231 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, നാലാം ദിനം അവസാനിച്ചപ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റിന് 49 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ 77 റണ്‍സെടുത്ത ജോ റൂട്ടും അര്‍ധസെഞ്ചുറിയുമായി ക്രീസിലുള്ള ജോണി ബെയര്‍സ്റ്റോയുമാണ് വന്‍തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. അലിസ്റ്റര്‍ കുക്കും ബെന്‍ സ്റ്റോക്സും 18 റണ്‍സ് വീതമെടുത്ത് മടങ്ങി. ജെന്നിങ്സിനും മൊയീന്‍ അലിക്കും സ്കോര്‍ കാര്‍ഡ് തുറക്കാനായില്ല. സ്പിന്നര്‍മാര്‍ക്ക് മേധാവിത്വമുള്ള പിച്ചില്‍ അശ്വിനും ജഡേജയും രണ്ടു വിക്കറ്റ് വീതം നേടി. നേരത്തെ, ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ മൂന്നാം ഇരട്ടസെഞ്ചുറിയുടെയും മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന ജയന്ത് യാദവിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെയും മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ നേടിയത് 631 റണ്‍സ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 400 റണ്‍സിന് പുറത്തായിരുന്നു. 340 പന്തുകള്‍ നേരിട്ട കോഹ്‍ലി 25 ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 235 റണ്‍സെടുത്ത് പുറത്തായി. 204 പന്തുകള്‍ നേരിട്ട ജയന്ത്, 15 ബൗണ്ടറിയുള്‍പ്പെടെ 104 റണ്‍സെടുത്ത് മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ ഒന്‍പത് റണ്‍സെടുത്തപ്പോള്‍ ഉമേഷ് യാദവ് ആറു റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലും മോയിന്‍ അലി, ജോ റൂട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നര ദിവസത്തെ കളി ബാക്കി നില്‍ക്കെ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ കുതിപ്പ്.
എട്ടാം വിക്കറ്റില്‍ കോഹ്‍ലി-ജയന്ത് യാദവ് സഖ്യം കൂട്ടിച്ചേര്‍ത്ത 241 റണ്‍സ് ഇന്ത്യന്‍ റെക്കോര്‍ഡാണ്. ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. ഇംഗ്ലണ്ടിനെതിരെ എതിര്‍ ടീം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടെന്ന പ്രത്യേകതയും ഇരുവര്‍ക്കും സ്വന്തം. ഇന്ത്യയ്ക്കായി ഓപ്പണര്‍ മുരളി വിജയും (136) ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയിരുന്നു. ഈ വര്‍ഷം കോഹ്‍ലി നേടുന്ന മൂന്നാമത്തെ ഇരട്ടസെഞ്ചുറിയാണിത്. തുടര്‍ച്ചയായി മൂന്നു പരമ്ബരകളില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് കോഹ്‍ലി. ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്നീ നേട്ടങ്ങളും സ്വന്തം. ക്യാപ്റ്റനെന്ന നിലയില്‍ മഹേന്ദ്ര സിങ് ധോണി നേടിയ 224 റണ്‍സിന്റെ റെക്കോര്‍ഡാണ് കോഹ്‍ലി മറികടന്നത്.
സുനില്‍ ഗവാസ്കറിന് ശേഷം ഒരു ടെസ്റ്റ് പരമ്ബരയില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും കോഹ്‍ലി നേരത്തെ പിന്നിട്ടിരുന്നു. വ്യക്തിഗത സ്കോര്‍ 41ല്‍ എത്തിയപ്പോള്‍ ടെസ്റ്റില്‍ 4000 റണ്‍സ് എന്ന നാഴികക്കല്ലു പിന്നിടാനും കോഹ്‍ലിക്കായി. ഒരു വര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായും കോഹ്‍ലി മാറി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (1997), രാഹുല്‍ ദ്രാവിഡ് (2006) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്‍ലിയുടെ മുന്‍ഗാമികള്‍.

NO COMMENTS

LEAVE A REPLY