നാഗ്പുര്‍ : അവസാന ഓവറോളം ആവേശം നിറഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് അഞ്ചു റണ്‍സ് വിജയം. 145 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ജസ്പ്രീത് ബുംറയെറിഞ്ഞ അവസാന ഓവറില്‍ വിജയത്തിലേക്ക് എട്ടു റണ്‍സ് വേണ്ടിയിരുന്നെങ്കിലും രണ്ടു റണ്‍സ് നേടാനെ ഇംഗ്ലണ്ടിന് ആയുള്ളൂ. വിശ്വസ്തതാരം ജോ റൂട്ടിന്റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. മോയിന്‍ അലി (1), ക്രിസ് ജോര്‍ദാന്‍ (0) എന്നിവര്‍ പുറത്താകാതെ നിന്നു. ബെന്‍ സ്റ്റോക്സിന്‍റെ തകര്‍പ്പനടികളുടെ പിന്‍ബലത്തില്‍ വിജയത്തിലേക്കു കുതിച്ച ഇംഗ്ലണ്ടിന് അവസാന മൂന്ന് ഓവറില്‍ ജയിക്കാന്‍ 27 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. എന്നാല്‍ 17-ാം ഓവറില്‍ മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്തു മനോഹരമായി പന്തെറിഞ്ഞ ജസ്പ്രീത് ബുംറ ഇംഗ്ലീഷ് ഇന്നിംഗ്സിനെ വരിഞ്ഞുകെട്ടി. പക്ഷേ, ആശിഷ് നെഹ്റയുടെ അടുത്ത ഓവറില്‍ കെട്ടുപൊട്ടിച്ച ജോസ് ബട്ലര്‍ 16 റണ്‍സ് അടിച്ചുകൂട്ടി അവസാന ഓവറിലെ ലക്ഷ്യം എട്ടാക്കി ചുരുക്കി.
വിജയം ഉറപ്പിച്ച ഇംഗ്ലണ്ടിന് ബുംറ എറിഞ്ഞ അവസാന ഓവറിന്‍റെ ആദ്യ പന്തില്‍തന്നെ തിരിച്ചടിയേറ്റു. 38 റണ്‍സ് നേടിയ ജോ റൂട്ടിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി. നാലാം പന്തില്‍ ബട്ലറുടെ വിക്കറ്റും ബുംറ തെറിപ്പിച്ചു. ഇതോടെ അവസാന രണ്ടു പന്തില്‍ ലക്ഷ്യം ഏഴായി. അഞ്ചാം പന്തില്‍ ഒരു റണ്‍ നേടിയെങ്കിലും അവസാനപന്തില്‍ ആവശ്യമായ ആറു റണ്‍ നേടാന്‍ മോയിന്‍ അലിക്കായില്ല. ബുംറ നാലോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയപ്പോള്‍ നെഹ്റ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനായി ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ 38 റണ്‍സ് വീതം നേടി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഇതോടെ ബുധനാഴ്ച ബംഗളുരുവില്‍ നടക്കുന്ന അവസാന മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഏറെ നാളുകള്‍ക്കു ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 47 പന്തുകള്‍ നേരിട്ട രാഹുല്‍ ആറു ബൗണ്ടറിയും രണ്ടു സിക്സുമുള്‍പ്പെടെ 71 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ റണ്ണൗട്ടായി.
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ കോഹ്ലിയും രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. 4.1 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 30 റണ്‍സ്. മികച്ച തുടക്കം ലഭിച്ചെങ്കിലും അതു മുതലാക്കാനാകാതെ പോയ കോഹ്‍ലി 15 പന്തില്‍ 21 റണ്‍സുമായി കൂടാരം കയറി. രണ്ടു ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടുന്നതായിരുന്നു കോഹ്‍ലിയുടെ ഇന്നിങ്സ്. സുരേഷ് റെയ്ന (10 പന്തില്‍ ഏഴ്), യുവരാജ് സിങ് (12 പന്തില്‍ നാല്) എന്നിവര്‍ വന്നതുപോലെ മടങ്ങി. നാലാം വിക്കറ്റില്‍ രാഹുല്‍-മനീഷ് പാണ്ഡെ സഖ്യം 56 റണ്‍സെടുത്ത് കൂട്ടത്തകര്‍ച്ച ഒഴിവാക്കി.
രാഹുലിനെ ജോര്‍ദാനും പിന്നാലെ മനീഷ് പാണ്ഡെയെ മില്‍സും മടക്കിയതോടെ ഇന്ത്യ വീണ്ടും തകര്‍ന്നു. 26 പന്തില്‍ ഒരു സിക്സുള്‍പ്പെടെ 30 റണ്‍സായിരുന്നു പാണ്ഡെയുടെ സമ്ബാദ്യം. ഹാര്‍ദിക് പാണ്ഡ്യ (മൂന്നു പന്തില്‍ രണ്ട്) മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി (ഏഴു പന്തില്‍ അഞ്ച്), അമിത് മിശ്ര (0) എന്നിവര്‍ക്ക് അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്താനാകാതെ പോയതോടെ ഇന്ത്യ 144-ല്‍ ഒതുങ്ങി. അവസാന അഞ്ച് ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമാക്കിയ ഇന്ത്യയ്ക്ക് നേടാനായത് 36 റണ്‍സ് മാത്രം.