മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ടിട്വന്റിയില്‍ ശ്രീലങ്കയ്ക്ക് ആവേശ വിജയം. അവസാന പന്ത് വരെ ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ ഓസീസിനെ അഞ്ചു വിക്കറ്റിനാണ് ലങ്ക തകര്‍ത്തത്. ഇതോടെ മൂന്നു ടിട്വന്റികളടങ്ങിയ പരമ്ബരയില്‍ ശ്രീലങ്ക 1-0ത്തിന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച്ച ഗീലോങ്ങിലാണ്. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്ണായിരുന്നു. ആ പന്തില്‍ ബൗണ്ടറിയടിച്ച് കപുഗേദര ലങ്കയെ ജയിപ്പിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഗുണരത്നയുടെയും 44 റണ്‍സടിച്ച മുനവീരയുടെയും പ്രകടനവും ലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായി. സാംബയും ടര്‍ണറും ഓസീസിനായി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിന്റെ 43 റണ്‍സിന്റെയും ക്ലിംഗറുടെ 38 റണ്‍സിന്റെയും ബലത്തിലാണ് ഓസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സടിച്ചത്. രണ്ട് വിക്കറ്റും രണ്ട് ക്യാച്ചുമായി ലസിത് മലിംഗ ശ്രീലങ്കന്‍ ടീമിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കുകയും ചെയ്തു.