ബംഗളൂരു: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കായുള്ള പരന്പരയിലെ രണ്ടാം മത്സരത്തില്‍ ആസ്ട്രേലിയയ്ക്ക് 87 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ആസ്ട്രേലിയ 276 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുപവില്‍ റിപ്പോര്‍ട്ട് കിട്ടുന്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെടുത്തിട്ടുണ്ട്. ലോകേഷ് രാഹുല്‍ (19), അഭിനവ് മുകുന്ദ് (16) എന്നിവരാണ് ക്രീസില്‍. ആറു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കംഗാരുക്കളെ വരിഞ്ഞു മുറുക്കിയത്. 21.4 ഓവറില്‍ 63 റണ്‍സ് വഴങ്ങിയാണ് ജഡേജയുടെ ആറു വിക്കറ്റ് നേട്ടം. അശ്വിന്‍ രണ്ടും ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനെ ജഡേജയുടെ കൈകളിലെത്തിച്ച് അശ്വിനാണ് മൂന്നാദിനം വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടത്. 52 പന്തില്‍ രണ്ടു ബൗണ്ടറികള്‍ ഉള്‍പ്പെടെ 26 റണ്‍സായിരുന്നു സ്റ്റാര്‍ക്കിന്റെ സംഭാവന. മാത്യു വെയ്ഡ് (113 പന്തില്‍ 40), നഥാന്‍ ലയോണ്‍ (0), ഹെയ്സല്‍വുഡ് (1) എന്നിവരെ പുറത്താക്കി ജഡേജ ഓസീസ് വാലറ്റത്തെ തകര്‍ത്തു. സ്റ്റീവ് ഒക്കീഫി നാലു റണ്‍സുമായി പുറത്താകാതെ നിന്നു.