മാക്സ്വെലിന് സെഞ്ചുറി : ഓസ്ട്രേലിയക്ക് റെക്കോര്‍ഡ് സ്കോര്‍

210

പല്ലേകെലെ• രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍ എന്ന റെക്കോര്‍ഡ് ഇനി ഓസ്ട്രേലിയയുടെ പേരില്‍. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്ബരയിലെ ആദ്യ മല്‍സരത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് നേടിയാണ് ഓസ്ട്രേലിയ റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതിച്ചേര്‍ത്തത്. രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍ കണ്ടെത്തിയ ഗ്ലെന്‍ മാക്സ്‍വെലിന്റെ മികവിലാണ് ഓസീസ് പടയോട്ടം. 65 പന്തുകള്‍ നേരിട്ട മാക്സ്വെല്‍, 14 ബൗണ്ടറികളും ഒന്‍പത് സിക്സുമുള്‍പ്പെടെ 145 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ആറ് ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയിലാണ്.

18 പന്തില്‍ മൂന്നു സിക്സും നാലു ബൗണ്ടറിയും സഹിതം 45 റണ്‍സെടുത്ത് ഓസീസിനെ റെക്കോര്‍ഡിലേക്ക് നയിച്ച ട്രാവിസ് ഹെഡ് ഇന്നിങ്സിന്റെ അവസാന പന്തില്‍ പുറത്തായി. ഡേവിഡ് വാര്‍ണര്‍ (16 പന്തില്‍ 28), ഉസ്മാന്‍ ഖവാജ (22 പന്തില്‍ 36) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്‍മാര്‍. ശ്രീലങ്കയ്ക്കായി സേനാനായകെ, തിസരാ പെരേര, പതിരണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബോളെടുത്ത ആറു ശ്രീലങ്കന്‍ ബോളര്‍മാരില്‍ ധനഞ്ചയ ഡിസില്‍വ ഒഴികെയുള്ള എല്ലാവരും ഓവറില്‍ 10 റണ്‍സിലേറെ വഴങ്ങി. ഒരോവര്‍ മാത്രമെറിഞ്ഞ ഡിസില്‍വ എട്ടു റണ്‍സാണ് വിട്ടുകൊടുത്തത്.
2007ല്‍ കെനിയയ്ക്കെതിരെ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 260 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന ടീം ടോട്ടല്‍. ഐപിഎലില്‍ പുണെ വാരിയേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇതേ സ്കോര്‍ നേടിയിട്ടുണ്ട്. ശ്രീലങ്കന്‍ ബോളര്‍മാരെ തച്ചുതകര്‍ത്ത് മുന്നേറി മാക്സ്വെല്‍ നേടിയ 145 റണ്‍സ് ട്വന്റി20യിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. 2013ല്‍ ഇംഗ്ലണ്ടിനെതിരെ ഓസീസിന്റെ തന്നെ ആരോണ്‍ ഫിഞ്ച് നേടിയ 156 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറും ഓസീസ് താരത്തിന്റെ പേരിലാണ്. ഈ വര്‍ഷം ആദ്യം ഇന്ത്യയ്ക്കെതിരെ ഷെയ്ന്‍ വാട്സന്‍ പുറത്താകാതെ നേടിയ 123 റണ്‍സാണ് മൂന്നാമതുള്ളത്.

NO COMMENTS

LEAVE A REPLY