വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം

296

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. മഴ കളി ആദ്യം തടസപ്പെടുത്തിയെങ്കിലും പിന്നിട് 43 ഓവറായി ചുരുക്കുകയായിരുന്നു. മത്സരത്തില്‍ ആതിഥേയരെ 105 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രഹാനെയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 310 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 205 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഷായി ഹോപ് (81) മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ പൊരുതിയത്.

തകര്‍ച്ചയോടെയായിരുന്നു വെസ്റ്റ് ഇന്‍ഡീസ് മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണര്‍ കീറന്‍ പവലും മൂന്നാമനായെത്തിയ ജാസണ്‍ മുഹമ്മദും റണ്ണൊന്നും എടുക്കാതെ പുറത്തായി. നാല് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട വിന്‍ഡീസിനെ ഹോപും ലെവിസും (21) ചേര്‍ന്ന് മുന്നോട്ട് നയിച്ചു. ടീം സ്കോര്‍ 93 ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനു ശേഷം തുടര്‍ച്ചയായി വിക്കറ്റ് വീണത് വിന്‍ഡീസിന് ഇന്ത്യയുടെ റണ്‍മല അപ്രാപ്യമാക്കി. റോസ്റ്റന്‍ ചേസ് (33) മാത്രമാണ് ഹോപിനെ കൂടാതെ മികച്ച്‌ ബാറ്റ് ചെയ്തത്. ചേസ് പുറത്താകാതെ നിന്നു.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. സെഞ്ചുറി നേടിയ അജിങ്ക്യ രഹാനയുടെയും അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.
104 പന്തില്‍നിന്ന് 10 ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്ബടിയോടെയാണ് രഹാനെ 103 റണ്‍സെടുത്തത്. ഏകദിനത്തിലെ രഹാനെയുടെ മൂന്നാം സെഞ്ചുറിയാണിത്. ധവാന്‍ 59 പന്തില്‍ 63 റണ്‍സെടുത്തു. 66 പന്തില്‍ 87 റണ്‍സെടുത്ത വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ചവച്ചു. ഹാര്‍ദിക് പാണ്ഡ്യ (4)യുടെയും യുവരാജ് സിംഗിന്റെയും (14) വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. മഴ കാരണം വൈകിയാണ് മത്സരം തുടങ്ങിയത്. മത്സരം 43 ഓവറാക്കി ചുരുക്കുകയും ചെയ്തിരുന്നു.

NO COMMENTS