കാന്‍ഡി: പരമ്പരയിലെ മൂന്ന് ടെസ്റ്റുകളും സ്വന്തമാക്കി കോഹ്ലിപ്പട ലങ്കയില്‍ ചരിത്രം കുറിച്ചു. അവസാന ടെസ്റ്റില്‍ ഇന്നിംഗ്സിനും 171 റണ്‍സിനുമാണ് കോഹ്ലിയുടെയും സംഘത്തിന്റെ ജയം. ഇതാദ്യമായാണ് ലങ്കന്‍ മണ്ണില്‍ ഇന്ത്യ സമ്ബൂര്‍ണ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 1994ല്‍ ഇന്ത്യയിലാണ് ഇന്ത്യ ലങ്കക്കെതിരെ സമ്ബൂര്‍ണ ടെസ്റ്റ് പരമ്പര നേടിയത്. ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനും രണ്ടാമത്തെ ടെസ്റ്റില്‍ ഇന്നിംഗ്സിനും 53 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.
സ്കോര്‍: ഇന്ത്യ 487. ശ്രീലങ്ക 135,181. ഫോളോ ഓണ്‍ വഴങ്ങിയ ലങ്കയുടെ ചെറുത്തുനില്‍പ്പ് 181 റണ്‍സില്‍ അവസാനിച്ചു.ആര്‍ അശ്വിന്റെയും മുഹമ്മദ് ഷാമിയുടെയും തകര്‍പ്പന്‍ ബൗളിംഗാണ് ലങ്കയെ ചുരുട്ടിക്കൂട്ടിയത്. അശ്വിന്‍ നാലും ഷാമി മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഉമേഷ് യാദവ് രണ്ട് വിക്കറ്റെടുത്തു. 41 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന്‍ നിരോഷന്‍ ഡിക്വെല്ലയാണ് ലങ്കയുടെ ടോപ് സ്കോറര്‍.
ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ 36ഉം അഞ്ചലോ മാത്യൂസ് 35ഉം റണ്‍സെടുത്തു.
ഓപണിംഗ് ബാറ്റ്സമാന്‍ ശിഖര്‍ ധവാന്റെയും രണ്ടാം ടെസ്റ്റിനിറങ്ങിയ ഹാര്‍ദിക്ക് പാണ്ഡ്യയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 487 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയെ 135 റണ്‍സില്‍ എറിഞ്ഞിട്ടപ്പോള്‍ 352 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. ആറ് വിക്കറ്റിന് 329 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളി പുനരംരംഭിച്ച ഇന്ത്യയെ പാണ്ഡ്യയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മികച്ച നിലയില്‍ എത്തിച്ചത്. 86 പന്തില്‍ നിന്നാണ് പാണ്ഡ്യ സെഞ്ച്വറി കുറിച്ചത്. ലങ്കക്കെതിരായ ഗോള്‍ ടെസ്റ്റില്‍ നേടിയ 50 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. പത്താമനായി താരം പുറത്താകുമ്ബോള്‍ 96 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും ഏഴ് സിക്സറുകളും സഹിതം 108 റണ്‍സായിരുന്നു സമ്ബാദ്യം. കുമാരയെറിഞ്ഞ 120ാം ഓവറിന്റെ നാലാം പന്ത് അതിര്‍ത്തി കടത്തിയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പുഷ്പകുമാരയെറിഞ്ഞ 116ാം ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും അടക്കം പാണ്ഡ്യ ആകെ 26 റണ്‍സടിച്ചുകൂട്ടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ഒരു ഓവറില്‍ നേടുന്ന ഏറ്റവും വലിയ റണ്‍സെന്ന റെക്കോര്‍ഡും താരം കുറിച്ചു. 1990 ഇംഗ്ലണ്ടിനെതിരെ സന്ദീപ് പാട്ടീല്‍ നേടിയ 24 റണ്‍സിന്റെ റെക്കോര്‍ഡ് പഴകി. എട്ടാം നമ്ബറില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമാണിത്.