കൊളംബൊ: ഇന്ത്യക്ക് എതിരായ നാലാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 376 റണ്‍സ് വിജയലക്ഷ്യം. നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറു റണ്ണിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ മികവുറ്റ നിലയിലാക്കിയത് സെഞ്ചുറി നേടിയ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയുമാണ്. രോഹിത് 88 പന്തില്‍ നിന്ന് 104 ഉം കോലി 96 പന്തില്‍ നിന്ന് 131 റണ്‍സും നേടി. 219 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ടാണ് ഇവര്‍ രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുശേഷം ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് കോലി. ഇന്ത്യന്‍ നായകന്റെ ഇരുപത്തിയൊന്‍പതാം സെഞ്ചുറിയായിരുന്നു ഇത്. 185 ഇന്നിങ്സില്‍ നിന്നാണ് കോലി ഈ നേട്ടം കൈവരിച്ചത്. മനീഷ് പാണ്ഡെയുടെയും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും കൂട്ടുക്കെട്ട് കൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യക്ക് കരുത്തേകി. പാണ്ഡേ അര്‍ധ സെഞ്ചറി കരസ്ഥമാക്കിയപ്പോള്‍ 76 പന്തുകളില്‍ നിന്ന് 49 റണ്‍സ് നേടി ധോണി തിളങ്ങി.