തൃശൂര്‍: മതിലകത്തെ ബിജെപി പ്രവര്‍ത്തകന്റെ കള്ളനോട്ടടി കേസില്‍ ഒബിസി മോര്‍ച്ച നേതാവ് രാജീവിനെയും പ്രതിചേര്‍ത്തു. രാജീവും സഹോദരന് രാകേഷും ചേര്‍ന്നു കള്ളനോട്ട് നല്കി കബളിപ്പിച്ചതു തീരദേശമേഖലയിലെ സാധാരണക്കാരെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കള്ളനോട്ടടിയില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
നോട്ടുനിരോധനത്തിനു ശേഷം ബിജെപി നടത്തുന്ന പരിപാടികളില്‍ വലിയ തോതില്‍ പണമൊഴുക്കാറുണ്ടെന്നും അതില്‍ കള്ളനോട്ടടിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഒളിവിലുള്ള രാജീവ് കന്യാകുമാരി വഴി തമിഴ്നാട്ടിലേക്കു കടന്നെന്ന സൂചനയില്‍ തിരച്ചില്‍ ശക്തമാക്കി. യുവമോര്‍ച്ച കൊടുങ്ങല്ലൂര്‍ എസ്.എന്‍. പുരം കിഴക്കന്‍ മേഖല പ്രസിഡന്റായ രാകേഷ് ഏരാച്ചേരിയുടെ വീട്ടില്‍നിന്നാണ് ഇന്നലെ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടി ഉപകരണങ്ങളും കണ്ടെടുത്തത്. രാകേഷിനെ ചോദ്യം ചെയ്തതോടെ സഹോദരനും ബിജെപിയുടെ ഒബിസി മോര്‍ച്ച കയ്പമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ രാജീവ് ഏരാച്ചേരിക്കും കള്ളനോട്ട് വ്യാപാരത്തില്‍ പങ്കുണ്ടെന്നു വ്യക്തമായി. കംപ്യൂട്ടര്‍ വിദഗ്ധരായ ഇരുവരും ചേര്‍ന്നാണു നോട്ടടിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പു മതിലകത്തെ പെട്രോള്‍ പമ്ബില്‍ രാജീവ് 2000 രൂപയുടെ കള്ളനോട്ട് നല്‍കിയിരുന്നതായും കണ്ടെത്തി. അതേത്തുടര്‍ന്നാണു കേസെടുത്തത്. ഒരു മാസത്തിലേറെയായി ഇരുവരും വീട്ടില്‍ കള്ളനോട്ട് അച്ചടി നടത്തിയിരുന്നെന്നാണു സൂചന.