പൊലീസിനെ വെല്ലുവിളിച്ച് സ്വന്തം പേരിലെ ലുക്കൗട്ട് നോട്ടീസ് തന്നെ പ്രൊഫൈല്‍ പിക്ചറാക്കിയിരിക്കുകയാണ് ഒരു കുറ്റവാളി. നോട്ടീസൊക്കെ ഇറക്കെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന പൊലീസിന് ഒടുവില്‍ പൊഫൈല്‍ കിട്ടിയതോടെ അത് പിന്തുടര്‍ന്ന് കള്ളനെ പിടിക്കാനും കഴിഞ്ഞു. അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്നാണ് ഫേസ്ബുക്കിലെ ഈ കള്ളനും പൊലീസും കളി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.
രണ്ട് കേസുകളിലെ പ്രതിയും മുന്നാമതൊരു കേസില്‍ കുറ്റവാളിയെന്ന് സംശയക്കപ്പെടുകയും ചെയ്യുന്ന മാക് ഇയര്‍വുഡാണ് നാടകീയമായി പിടിയിലാത്. കേസുകള്‍ അന്വേഷിച്ചിരുന്ന പൊലീസ് സംഘം പലതവണ തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാനാവാതെ വന്നതോടെ ഒടുവില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഒരു വീട്ടില്‍ ആക്രമണം നടത്തിയതിന്റെ മറ്റൊരു പരാതി കൂടി കിട്ടിയപ്പോഴാണ് പൊലീസ് പിന്നെയും അന്വേഷണം ആരംഭിച്ചത്.
കുറ്റവാളിയെ കണ്ടെത്താനായി ഫേസ്ബുക്കില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം ഒടുവില്‍ പണ്ട് പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസ് തന്നെയാണ് ഇയാളുടെ പ്രൊഫൈല്‍ പിക്ചറെന്ന് കണ്ടെത്തുകയായിരുന്നു. നോട്ടീസ് വലിയ ക്രെഡിറ്റായി എടുത്ത് പോസ്റ്റ് ചെയ്തിരിക്കുന്ന പ്രതിയെ പ്രൊഫൈല്‍ പിന്തുടര്‍ന്ന് തന്നെ പൊലീസ് പൊക്കി. ബന്ധുവിന്റെ വീട്ടില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കവെ പോക്കറ്റില്‍ നിന്ന് ഒരു പാക്കറ്റ് കഞ്ചാവും പൊലീസ് കണ്ടെടുത്തു. അങ്ങനെ ഒരു കേസും കൂടിയായി.