മെഡിക്കല്‍ പ്രവേശനത്തില്‍ കടുത്ത ഭിന്നത തുടരുന്നു

236

മെഡിക്കല്‍ പ്രവേശനത്തിലെ പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാറും മാനേജ്മെന്റുകളും ഇന്ന് ചര്‍ച്ച നടത്തും. മുഴുവന്‍ സീറ്റുകളിലും പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍.
നീറ്റ് പരീക്ഷാഫലം വന്നെങ്കിലും മെഡിക്കല്‍ പ്രവേശനത്തില്‍ കടുത്ത ഭിന്നതയാണ്. മാനേജ്മെന്റ് ക്വാട്ടാ സീറ്റുകളിലടക്കം മുഴുവന്‍ സീറ്റിലും ഏകീകൃത പ്രവേശനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം പാലിക്കാന്‍ ജയിംസ് കമ്മീറ്റി കൂടി ആവശ്യപ്പെട്ടതോടെയാണ് മാനേജ്മെന്റുകള്‍ ഒത്തുതീര്‍പ്പിനില്ലെന്ന് വ്യക്തമാക്കിയത്. മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനത്തിനില്ലെന്ന് കര്‍ണ്ണാടക അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. എന്നാല്‍ മാനേജ്മെന്റുകളെ നിയന്ത്രിക്കാനുള്ള അവസരം കിട്ടിയ സാഹചര്യത്തില്‍ മറിച്ചൊരു നിലപാടെടുത്താല്‍ വന്‍ വിവാദമാകുമെന്നാണ് ഇടത് സര്‍ക്കാര്‍ കരുതുന്നത്.
ആവശ്യമെങ്കില്‍ മാനേജ്മെന്റുകള്‍ കോടതിയില്‍ പോകട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഏകീകൃത ഫീസും പകുതി സീറ്റിലെ പ്രവേശനാധികാരവും വേണമെന്ന നിലപാടില്‍ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാറുമായുള്ള ചര്‍ച്ചക്ക് മുമ്പ് അസോസിയേഷന്‍ യോഗം ചേരുന്നുണ്ട്. തര്‍ക്കം നീളുന്നതോടെ രണ്ടാം ഘട്ട മെഡിക്കല്‍ പ്രവേശന നടപടികളെല്ലാം അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്ക് മാത്രമാണ് ഇതുവരെ അലോട്ട്മെന്റ് നടന്നത്.

NO COMMENTS

LEAVE A REPLY