കാസര്‍കോട്: കാര്‍ഷിക വിളകള്‍ക്ക് പരിപൂര്‍ണ സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നു ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിര്‍ദേശിച്ചു. വിള ഇന്‍ഷുറന്‍സ് പക്ഷാചരണത്തിന്റെ ഭാഗമായി ആത്മ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക്തല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെങ്ങ്, കമുക്, വാഴ, കുരുമുളക്, നെല്ല് എന്നീ അഞ്ച് വിളകളില്‍ നൂറു ശതമാനം കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു ചേര്‍ക്കണമെന്നും ഈ മാസം 25നകം ലക്ഷ്യം നേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രീമിയം വളരെ കുറവായ ഈ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്തുകയും അപേക്ഷ ഫോറം പൂരിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യണം.
കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ സഹായം യാതൊരു കാരണവശാലും അനര്‍ഹരിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതോടൊപ്പം യഥാര്‍ത്ഥ കര്‍ഷകന് പരമാവധി വേഗത്തില്‍ സഹായമെത്തിക്കാനും ജാഗ്രത പാലിക്കണം. കര്‍ഷര്‍ക്ക് അവരുടെ മേഖലയില്‍ തുടരുന്നതിനു വേണ്ട പ്രചോദനം നല്‍കുക, അതുപോലെ പുതുസംരംഭകരെ ഈ മേഖലയ്ക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളാണു വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയിലൂടെ പ്രകൃതിക്ഷോഭം മൂലം സംഭവിക്കുന്ന കൃഷിനാശത്തിനു നഷ്ടപരിഹാരം ലഭിക്കും.
യോഗത്തില്‍ കാസര്‍കോട് ബ്ലോക്ക് പരിധിയിലുള്ള ആറു കൃഷി ഭവനുകളിലെ കൃഷി ഓഫീസര്‍മാര്‍ പങ്കെടുത്തു. പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ മധു ജോര്‍ജ് മത്തായി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (കൃഷി) എസ് സുഷമ, അസിസ്റ്റന്റ് ഡയറക്ടര്‍ കെ ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു.