എടിഎമ്മുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് ; ലീഗ് നേതാവടക്കം നാലുപേർ അറസ്റ്റിൽ

22

മലപ്പുറം : ബാങ്ക് എടിഎമ്മുകളില്‍ നിറയ്‌ക്കാനുള്ള 1,59,82,000 രൂപ തട്ടിയ മുസ്ലിംലീഗ്‌ നേതാവടക്കം നാല്‌ സ്വകാര്യ ഏജൻസി ജീവനക്കാർ അറസ്‌റ്റിൽ.

മുസ്ലിംലീഗ്‌ പ്രവർത്തകനും ഊരകം പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ അംഗവുമായ എന്‍ ടി ഷിബു (31), കോഡൂര്‍ ചട്ടിപ്പറമ്പ് സ്വദേശി എം പി ശശിധരൻ (32), മഞ്ചേരി മുള്ളമ്പാറ എം ടി മഹിത്ത് (33), അരീക്കോട് ആശാരിപ്പടി കൃഷ്ണരാജ് (28) എന്നിവരാണ് പിടിയിലായത്.മുംബൈ ആസ്ഥാനമായ സിഎംഎസ് ഇന്‍ഫോ സിസ്റ്റത്തിലെ ജീവനക്കാ രാണ്‌ ഇവർ. ഏജൻസിയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌. ജൂണ്‍ മുതല്‍ നവംബര്‍ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളി ലെ 13 എടിഎമ്മുകളില്‍ നിറയ്ക്കാൻ നൽകിയ പണത്തിലാണ്‌ വെട്ടിപ്പ്‌‌.

എസ്ബിഐ, ഐസിഐസിഐ, ഐഡിബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, ആക്സിസ്, കനറാ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ എടിഎമ്മുകളിലേക്കുള്ള തുകയുടെ ഒരുഭാഗമാണ്‌ കൈക്കലാക്കിയത്‌. അനുവദിച്ച തുകയിലും എടിഎമ്മുകളിൽ നിറച്ച പണത്തിലും വലിയ വ്യത്യാസം ഓഡിറ്റിൽ കണ്ടെത്തിയതോടെ ഏജൻസി പരാതി നൽകി.

പ്രതികൾക്ക്‌ അഞ്ചുവർഷമായി ഈ മേഖലയിലാണ്‌ ജോലിയെന്നും മുമ്പ്‌ ഇത്തരം തട്ടിപ്പുണ്ടായോ എന്നത്‌ അന്വേഷിക്കുമെന്നും പൊലീസ്‌ പറഞ്ഞു. മലപ്പുറം സിഐ ജോബി തോമസ്, എസ്ഐ എം അമീറലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.

NO COMMENTS