ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കി അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നു

207

ന്യൂഡല്‍ഹി : ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കി അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്ത് എണ്ണവില പിടിച്ചുനിറുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി. വരുന്ന മാസങ്ങളില്‍ അമേരിക്കയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ പ്രധാന ഉപഭോക്താവായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി പുതിയ അസംസ്കൃത എണ്ണ വാങ്ങുമ്പോള്‍ നടത്തേണ്ട പരീക്ഷണങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകള്‍ തുടങ്ങിയതായാണ് വിവരം.
ഒരു ദിവസം 2 മില്യന്‍ ബാരല്‍ അസംസ്കൃത എണ്ണ വീതം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് അമേരിക്ക റെക്കോര്‍ഡിട്ടിരുന്നുവെങ്കിലും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വരവ് കുറവായിരുന്നു. 2015-ല്‍ അസംസ്കൃത എണ്ണയുടെ കയറ്റുമതി നിയന്ത്രണം അമേരിക്ക എടുത്തുകളഞ്ഞതിന് ശേഷം നാമമാത്രമായ ലോഡുകള്‍ മാത്രമാണ് ഇന്ത്യയിലേക്കെത്തിയത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളല്ലാത്ത ഉത്പാദകരില്‍ നിന്നുകൂടി അസംസ്കൃത എണ്ണ വാങ്ങുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതുവഴി ഗള്‍ഫ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും കഴിയുമെന്നാണ് കണക്കാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ യു.എസില്‍ നിന്നും ഇന്ത്യയിലേക്ക് ഊര്‍ജ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ധാരണയായിരുന്നു. ഇതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ എണ്ണകമ്ബനികളെ അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികള്‍ക്ക് അമേരിക്കയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഇറക്കുമതി പരീക്ഷണാടിസ്ഥാനത്തിലാണെന്നും സംഗതി വിജയകരമാണെന്ന് കണ്ടാല്‍ തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയം നല്‍കുന്ന വിവരം.

NO COMMENTS