കിഴങ്ങുവിളകളുടെ കൃഷിരീതി: ഫേസ്ബുക്ക് ലൈവുമായി ഹരിതകേരളം മിഷൻ

130

തിരുവനന്തപുരം : കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രിൽ 27, തിങ്കൾ) ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 മണിവരെയാണ് പരിപാടി. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും ഹരിതകേരളം മിഷനിലെയും വിദഗ്ധർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രേക്ഷകരിൽ നിന്നുള്ള ചോദ്യങ്ങൾക്കു തത്സമയം മറുപടി നൽകും.

കോവിഡ് വ്യാപനത്തെത്തുടർന്ന് ഭാവിയിലുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് എല്ലാവരും ലോക്ഡൗൺ കാലത്ത് കൃഷിയിലേർപ്പെടണമെന്നും അതിൽ കിഴങ്ങുവർഗ്ഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കിഴങ്ങുവിളകളുടെ കൃഷിരീതി വിഷയമാക്കി ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ അറിയിച്ചു. facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാം.

ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ.സീമ, ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ വിവിധ വകുപ്പു മേധാവികളും ശാസ്ത്രജ്ഞരുമായ ഡോ. എം.എൻ.ഷീല, ഡോ. സി.എ.ജയപ്രകാശ്, ഡോ.എം.സജീവ്, ഡോ. ജി. ബൈജു, ഹരിതകേരളം മിഷൻ കൃഷി ഉപവിഭാഗം കൺസൾട്ടന്റ് എസ്.യു. സഞ്ജീവ്, ടെക്‌നിക്കൽ ഓഫീസർ വി.വി. ഹരിപ്രിയാദേവി എന്നിവർ ഫേസ്ബുക്ക് ലൈവിൽ പങ്കെടുക്കും.

NO COMMENTS