സൈബർ തട്ടിപ്പ് ; നഷ്‌ടപ്പെട്ട 17 ലക്ഷത്തിലധികം തുക പൊലീസ് പിടിച്ചെടുത്തു

14

സൈബർ തട്ടിപ്പിലൂടെ നഷ്‌ടപ്പെട്ട 17 ലക്ഷത്തിലധികം തുക തിരിച്ചുപിടിച്ച്  തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ്. തുക നഷ്ടപെട്ട ഉടനെ പരാതിക്കാരൻ 1930 എന്ന നമ്പരിൽ വിളിച്ചതാണ്‌ തുക തിരിച്ചുകിട്ടാൻ സഹായകമായത്‌. പീച്ചി സ്വദേശിയായ യുവാവിൽ നിന്നാണ്‌ പണം തട്ടിയത്‌. ഫെഡെക്‌സ്‌ കൊറിയർ സർവീസ്‌  മുംബൈ ബ്രാഞ്ചിന്റെ അധികാരികളാണെന്ന്‌ പറഞ്ഞാണ്‌ യുവാവിന്റെ ഫോണിലേക്ക്‌ തട്ടിപ്പുസംഘം വിളിച്ചത്‌.

യുവാവിന്റെ പേരിൽ മുബൈയിൽ നിന്നും റഷ്യയിലേക്ക്‌  കൊറിയർ അയക്കാൻ കിട്ടിയിട്ടുണ്ടെന്നും അന്യായമായ ചിലവസ്തുക്കൾ കണ്ടെത്തിയതിനാൽ മുംബൈയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.  മുംബൈ സൈബർ സ്റ്റേഷനിലെ പൊലീസ് ആണെന്ന് പറഞ്ഞ്‌ ഒരാൾ സംസാരിക്കുകയും ചെയ്‌തു.  യുവാവ്‌ അറിസ്റ്റിലാണെന്നും പണം നൽകണമെന്നും പറഞ്ഞു.  പണം അയച്ചതിനു ശേഷം തട്ടിപ്പാണെന്നു മനസിലാക്കിയ യുവാവ് ഉടൻ  1930 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിച്ചു.

തൃശൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 1930 എന്ന നമ്പരിലേക്ക് ഉടൻ വിളിച്ചതിനാൽ അക്കൗണ്ട് ഫ്രീസ് ആക്കിയിരുന്നു. അതിനാൽ സൈബർ തട്ടിപ്പുക്കാർക്ക് പണം കൈമാറ്റം ചെയ്യാൻ കഴിഞ്ഞില്ല. ശേഷം ഡൽഹിയിലുള്ള ബാങ്കിലേക്ക് അന്വേഷണ സംഘമെത്തി  പണം തിരികെവാങ്ങി കോടതി മുഖേന നഷ്ടപെട്ട പണം യുവാവിന്‌ നൽകുകയായിരുന്നു.  

തുക നഷ്ടപെട്ട ഉടൻ തന്നെ 1930  എന്ന നമ്പരിലേക്ക് ഗോൾഡൻ അവറിൽ വിളിച്ചതിനാൽ തുക ഫ്രീസ് ചെയ്യാൻ കഴിഞ്ഞെന്നും അതി നാലാണ് മുഴുവൻ തിരിച്ചുപിടിക്കാൻ സാധിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണ സംഘത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ  വി എസ് സുധീഷ്‌കുമാർ, സബ് ഇൻസ്‌പെക്‌ടർ ഫൈസൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് എസ് ശങ്കർ, സിവിൽ പൊലീസ് ഓഫീസർ അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.

NO COMMENTS

LEAVE A REPLY