ഭുവനേഷ്വർ: ഫോനി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ഒഡീഷയിൽ മരണസംഖ്യ 29 കടന്നു. തീരപ്രദേശങ്ങളിലാണ് നാശനഷ്ടങ്ങൾ ഏറെയും. വൈദ്യുതി ബന്ധങ്ങളെല്ലാം വിഛേദിക്കപ്പെട്ട ഇവിടങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ഫോനി ഏറ്റവും തീവ്രമായി ബാധിച്ച പുരി, ഖുദ്ര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സർക്കാർ ദുരിതാശ്വാസ സഹായങ്ങൾ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് 50 കിലോ അരി, 2000 രൂപ, പോളിത്തീൻ ഷീറ്റുകൾ എന്നിവ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കി.
ചുഴലിക്കാറ്റിൽ പൂർണമായി തകർന്ന വീടുകൾക്ക് 95,100 രൂപ ധനസഹായവും വലിയ കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് 52,000 രൂപയുടെ ധനസഹായവും ചെറിയ കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് 3200 രൂപയുടെ ധനസഹായവും സർക്കാർ നൽകും. ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം തീർക്കാനാവശ്യമായ നടപടികൾ ആരംഭിച്ച് കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തലസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കയാണ്. സംസ്ഥാനത്തുണ്ടായ 29 മരണങ്ങളിൽ 21 ഉം റിപ്പോർട്ട് ചെയ്തിരിക്കുന്നത് തീർത്ഥാടന നഗരമായ പുരിയിലാണ്. സംസ്ഥാനത്തെ ആയിരത്തിലധികം ഗ്രാമങ്ങളിലും 52 നഗരപ്രദേശങ്ങളിലും വീശിയടിച്ച ഫോനി ഒരു കോടിയോളം ജനങ്ങളെ ബാധിച്ചതായാണ് സർക്കാർ വിലയിരുത്തുന്നത്.