തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് തിയേറ്റര്‍ അടച്ചുപൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. തിയേറ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നഗരസഭയുടെ പ്രത്യേക യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തിയേറ്റര്‍ അടച്ചുപൂട്ടാന്‍ അന്തിമ തീരുമാനം എടുത്തത്. നിര്‍മാണ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പരസ്പര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും തിയേറ്റര്‍ അടച്ചുപൂട്ടുന്നതിനെ പിന്തുണച്ചു. വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് ഡി സിനിമാസിന് നിര്‍മാണ അനുമതി നേടിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. നഗരസഭക്ക് 300-ഓളം വ്യാജ രേഖകളാണ് നല്‍കിയത്.