ഡി സിനിമാസ് : ദിലീപിനെതിരെ ലോകായുക്ത നോട്ടീസ്

215

കൊച്ചി: ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് ലോകായുക്ത നോട്ടീസ് അയച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുന്‍ ഉടമകളടക്കം മറ്റ് 13 പേര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ചാലക്കുടിയില്‍ നടന്‍ ദിലീപന്റെ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം പുറമ്ബോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു തൃശൂര്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചാലക്കുടിയിലെ കയ്യേറ്റഭൂമിയിലാണു ദിലീപ്, ഡി സിനിമാസ് തീയറ്റര്‍ നിര്‍മിച്ചതെന്നു തൃശൂര്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചനയുള്ള സാഹചര്യത്തില്‍ മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവകാശ രേഖകള്‍ സംബന്ധിച്ചു റവന്യു വകുപ്പ് ഉന്നതതല അന്വേഷണം നടത്തും. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും സ്ഥലം സ്വന്തമാക്കാനാവില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണു വിശദമായ അന്വേഷണത്തിലേക്കു പോകുന്നത്. അതേസമയം കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ നടന്‍ ദിലീപ് പുറമ്ബോക്കു ഭൂമി കയ്യേറിയെന്ന ആരോപണത്തിലും അന്വേഷണം ആരംഭിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇതുസംബന്ധിച്ച്‌ കോട്ടയം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

NO COMMENTS