ഡി. ഡി. യു. ജി. കെ. വൈ രണ്ടാം ഘട്ടത്തിൽ 80,000 പേർക്ക് പരിശീലനവും നിയമനവും.

170

കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന പരിപാടിയായ ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) രണ്ടാംഘട്ടത്തിൽ അടുത്ത മൂന്നു വർഷം കൊണ്ട് 80,000 പേർക്ക് പരിശീലനവും നിയമനവും നൽകാൻ ലക്ഷ്യമിടുന്നു. ആദ്യ ഘട്ടത്തിൽ മൂന്നു വർഷത്തിൽ 51,200 വിദ്യാർത്ഥികൾക്ക് പരിശീലനവും നിയമനവും നൽകാൻ ലക്ഷ്യമിട്ടിരുന്നു. ഇതിൽ 40,000 പേരുടെ പരിശീലനം പൂർത്തിയായി. ബാക്കിയുള്ളവരുടെ പരിശീലനം പുരോഗമിക്കുകയാണ്. 30,000 പേർക്ക് വിവിധയിടങ്ങളിൽ നിയമനമായി. വിദേശത്തുൾപ്പെടെ തൊഴിൽ നൽകാനായത് നേട്ടമാണെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു.

കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന പരിപാടിയായ ഡി.ഡി.യു.ജി.കെ.വൈ രണ്ടാംഘട്ടത്തിന്റെ ഔദ്യോഗിക തുടക്കം കുറിക്കലും പുതിയ പ്രൊജ്ക്ട് ഇംപ്ലിമെന്റിങ് ഏജൻസികളെ (പിഐഎകളെ) ഉൾപ്പെടുത്തുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കൽ ചടങ്ങും എസ്. ഹരികിഷോർ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ മികച്ച പ്രവർത്തനം നടത്തിയ പി. ഐ. എകൾക്ക് അവാർഡുകൾ സമ്മാനിച്ചു.

ഡി. ഡി. യു. ജി. കെ. വൈ മികച്ച രീതിയിൽ സംസ്ഥാനത്ത് നടപ്പാക്കിയതിന് രണ്ട് ദേശീയ അവാർഡുകൾ കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു. ആദ്യ വർഷം ഇന്ത്യയിൽ മികവിൽ മൂന്നാമതെത്തിയ കുടുംബശ്രീ രണ്ടാം വർഷം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ഒന്നാം സ്ഥാനം പ്രതീക്ഷിക്കുന്നതായി ഹരികിഷോർ പറഞ്ഞു. മികവിനുള്ള അംഗീകാരമായി ആദ്യ ഘട്ടത്തിൽ കേരളത്തിന് 200 കോടി രൂപ ലഭിച്ചിരുന്നു.

രണ്ടാം ഘട്ടത്തിൽ പുതിയതായി 28 ഏജൻസികളാണ് കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പുവച്ചത്. കഴിഞ്ഞ തവണ മികച്ച പ്രവർത്തനം നടത്തിയ എട്ട് ഏജൻസികൾക്ക് എ ഗ്രേഡ് ലഭിച്ചു. ദീർഘകാല കോഴ്‌സുകൾ നടത്തണമെന്നും റസിഡൻഷ്യൽ കാമ്പസുകൾ ആരംഭിക്കണമെന്നും ഹരികിഷോർ നിർദ്ദേശിച്ചു. ആദ്യ ഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ 5000 പേർക്ക് പരിശീലനം നൽകിയിരുന്നു. ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും മുൻഗണന നൽകി. ആദിവാസി വിഭാഗത്തിലെ 800 പേർക്കാണ് പരിശീലനം നൽകിയത്. സംസ്ഥാന ടീം ലീഡർ ഷിബു, തിരുവനന്തപുരം ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡോ. കെ. ആർ. ഷൈജു എന്നിവർ സംസാരിച്ചു.

NO COMMENTS