ക്ഷീര കർഷക സംഗമം ഡയറി എക്സ്പോയ്ക്ക് തുടക്കമായി

208

തിരുവനന്തപുരം : വരുന്ന വർഷം കേരളം പാലുല്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ഇ. പി ജയരാജൻ. ഏഴാമത് സംസ്ഥാന ക്ഷീര കർഷക സംഗമം 2020 ന്റെ ഭാഗമായുള്ള കേരള ഡയറി എക്സ്പോ 2020 മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പാലുൽപ്പാദി പ്പിച്ചിരുന്ന ഒരു ചെറിയ രംഗമായിരുന്നു ക്ഷീരമേഖല മുൻപ്. പിന്നീട് സഹകരണ പ്രസ്ഥാനങ്ങൾ ഈ രംഗത്ത് സജീവമായതോടെ ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ച് ക്ഷീരമേഖലയെ ശക്തിപ്പെടുത്തി. 87 ലക്ഷം ലിറ്റർ പാലിന്റെ മാർക്കറ്റ് കേരളത്തിലുണ്ട്.

ഇതിൽ ഒരു ദിവസം 80 ലക്ഷം ലിറ്റർ പാൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഏഴുലക്ഷം ലിറ്റർകൂടി ഉൽപ്പാദനം കൈവരിക്കുന്നതോടെ ഈ രംഗത്ത് കേരളം സ്വയം പര്യപ്തത കൈവരിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. എട്ടു കോടിയോളം കുടുംബങ്ങൾ രാജ്യത്ത് ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധങ്ങളായ സാങ്കേതിക വിദ്യകൾ കൃഷിക്കാരെ പരിചയപ്പെടുത്താനും പഠിപ്പിക്കാനും പ്രായോഗികമായി നടപ്പിലാക്കാനും ഈ പ്രദർശന മേളയിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. ക്ഷീര മേഖലയെ സജീവമാക്കാൻ കഴിഞ്ഞ മൂന്നു വർഷംകൊണ്ട് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പി ച്ചതിനുള്ള കേന്ദ്ര സർക്കാരിന്റെ ബഹുമതി കേരളത്തെ തേടിയെത്തിയത് അംഗീകാരമാണെന്നും മന്ത്രി അഭിപ്രായ പ്പെട്ടു. ആർ.സി.ഇ.പി കരാർ ഏറ്റവും ദോഷകരമായി ബാധിക്കുക ക്ഷീര മേഖലയെയും കർഷകരെയുമാണ്. ആർ.സി.ഇ.പി കരാറിൽനിന്ന് കേന്ദ്ര സർക്കാർ താത്കാലികമായി പിൻമാറിയത് രാജ്യത്ത് ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ്. കരാറിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് ഐക്യകണ്ഠേന പ്രമേയം പാസാക്കിയതായും മന്ത്രി പറഞ്ഞു.

അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ടി.ആർ.സി.എം.പി.യു ഭരണസമിതി അംഗം എസ്. അയ്യപ്പൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ക്ഷീരസംഗമം 28ന് സമാപിക്കും.

NO COMMENTS