ഉന (ഗുജറാത്ത്): ഭീഷണികളും അക്രമവും വകവെയ്ക്കാതെ ആയിരക്കണക്കിന് ദലിത് വിഭാഗക്കാര്‍ സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്തിലെ ഉനയില്‍ ഒന്നിച്ചു ചേര്‍ന്നു. ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞെടുത്തുവെന്നാരോപിച്ച് ഏഴ് ദലിത് ചെറുപ്പക്കാര്‍ ഗോ രക്ഷാ സേനക്കാരാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സ്ഥലമാണ് ഉന. രാജ്യത്തെ ദലിത് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു കൊണ്ടുള്ള മഹാസമ്മേളനത്തില്‍ ഹൈദരാബാദ് സര്‍വകാലാശാലയില്‍ ആത്മാഹുതി നടത്തിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല ദേശീയ പതാക ഉയര്‍ത്തി. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കം നിരവധി പ്രമുഖര്‍ സാക്ഷികളായി. ആഗസ്ത് നാലിന് അഹമ്മദില്‍നിന്ന് ആരംഭിച്ച ദലിത് അസ്മിത (അഭിമാന) യാത്ര പത്തുദിവസം കൊണ്ട് 350 കിലോ മീറ്റര്‍ താണ്ടിയാണ് ഉനയില്‍ എത്തിയത്. ചടങ്ങില്‍വെച്ച്, തോട്ടി ചെയ്യാനും ചത്ത പശുക്കളെ നീക്കം ചെയ്യാനും ഇനി തങ്ങളെ കിട്ടില്ലെന്ന് ആയിരക്കണക്കിന് ദലിതര്‍ ഒന്നിച്ച് പ്രതിജ്ഞ എടുത്തു.